Saturday 30 June 2007

തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായുടെ ജീവിത ചരിത്രം - അധ്യായം 1

"സത്യവിശ്വാസികളുടെ കൂട്ടത്തില്‍ ചില പുരുഷന്‍മാരുണ്ട്. ഏതൊരു കാര്യത്തില്‍ അല്ലാഹുവോട് അവര്‍ ഉടബടി ചെയ്തുവോ, അതില്‍ അവര്‍ സത്യസന്ധത പുലര്‍ത്തി. അങ്ങനെ അവരില്‍ ചിലര്‍ (രക്ത സാക്ഷിത്വത്തിലൂടെ) തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി. അവരില്‍ ചിലര്‍ അത് കാത്തിരിക്കുന്നു. അവര്‍ (ഉടബടിക്ക്) യതൊരു വിധ മാറ്റവും വരുത്തിയിട്ടില്ല."
വിശുദ്ധ ഖുറാന്‍ 33 - 23.


പ്രവാചകന്‍(സ്വ) ഖുറാന്‍റ്റെ ഈ ആയത്ത് പാരായണം ചെയ്തു. എന്നിട്ട് അദ്ദേഹം സഹാബത്തിനെ അഭിമുഖീകരിച്ച്‌കൊണ്ട് തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായെ ചൂണ്ടികൊണ്ട് ഇപ്പ്രകാരം പറഞ്ഞു, "രക്ത സാക്ഷിത്വത്തിന്‍റ്റെ ഉടബടി പൂര്‍ത്തീകരിച്ചു കൊണ്ടു ഭൂമിയിലൂടെ നടക്കുന്ന ഒരു മനുഷ്യനെ ആര്‍ക്കെങ്കിലും കണ്‍കുളിര്‍ക്കെ കാണണമെങ്കില്‍ അവര്‍ തല്‍ഹയിലേക്ക് നോക്കുക".

പ്രവാചകന്‍റ്റെ ഈ വാചകം എല്ലാ സഹാബിമാരും വളരെയധികം ആഗ്രഹിച്ച ഒന്നാണ്. ഈ വാക്കുകള്‍കൊണ്ട് തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായ്ക്ക്(റ) തന്‍റ്റെ വിധിയെകുറിച്ചോര്‍ത്ത് വിഷമിക്കേണ്ട ആവശ്യമില്ല. അത് സുരക്ഷിതമായി. പ്രവാചകന്‍(സ്വ) തനിക്ക് സ്വര്‍ഗമാണ് വാഗ്ദാനം നല്‍കിയിരിക്കുന്നത്.

[തുടരും...]

അടുത്ത അധ്യായത്തിലേയ്ക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായുടെ ജീവിത ചരിത്രം

അധ്യായം 1 .
അധ്യായം 2 .
അധ്യായം 3 .
അധ്യായം 4 .
അധ്യായം 5 .
അധ്യായം 6 .
അധ്യായം 7 .
അധ്യായം 8 .
അധ്യായം 9 .
അധ്യായം 10 .
അധ്യായം 11 .
അധ്യായം 12 .
അധ്യായം 13 .
അധ്യായം 14 .
അധ്യായം 15 .
അധ്യായം 16 .


Sources:
Companions of the Prophet by Mohamed & Albani
Men Around The Messenger (S) by Khalid Muhammad Khalid
The Sealed Nectar by Saifur Rahman al-Mubarakpuri
The Hereafter by Imam Anwar Al Awlaki (audio)

ജീവിതചരിത്രം

1. തല്‍ഹ ഇബിന്‍ ഉബയ്ദുല്ല (റ)
2. സല്‍മാന്‍ അല്‍ ഫാരിസി (റ)

അബു ഹുറയ്റ(റ)യ്ക്ക് എങ്ങനെ ആ പേരു കിട്ടി?

അബു ഹുറയ്റ(റ)യ്ക്ക് അല്ലാഹുവിനെ കാണുവാനുള്ള ആഗ്രഹം വളരെയധികം വര്‍ധിച്ചു. അദ്ദേഹത്തിന്‍റ്റെ സന്ദര്‍ഷകര്‍ അദ്ദേഹത്തിന്‍റ്റെ അസുഖം മാറുന്നതിനായി അല്ലാഹുവിനോട് പ്രാര്‍ഥിച്ചു. പക്ഷേ അദ്ദേഹം അല്ലാഹുവിനോട് ഇപ്പ്രകാരം അപേക്ഷിച്ചു, "ഓ അല്ലാഹ്, ഞാന്‍ നിന്നെ കാണുവാന്‍ വളരെയധികം ഇഷ്ടപെടുന്നു. എന്നെ കാണുവാനും നീ വളരെയധികം ഇഷ്ടപ്പെടണേ".

ഹിജ്ര അന്‍പത്തിഒന്‍പതാം വര്‍ഷം, തന്‍റ്റെ എഴുപത്തിഎട്ടാം വയസ്സില്‍ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. അദ്ദേഹത്തെ കബറടക്കിയത് അനുഗ്രഹീത സ്ഥലമായ 'അല്‍ ബഖീ' യിലാണ്. കബറടക്കത്തിനു ശേഷം തിരികെ പോകും വഴി ആളുകള്‍, അദ്ദേഹം പ്രവാചകനെ(സ്വ) കുറിച്ചു പഠിപ്പിച്ചു കൊടുത്ത ഹദീസുകള്‍ ഉരുവിട്ടുകൊണ്ടിരുന്നു.


അക്കൂട്ടത്തില്‍ ഒരാള്‍ ചോദിച്ചു, "അദ്ദേഹത്തിന് എങ്ങനെ അബു ഹുറയ്റ എന്ന് പേര്' കിട്ടി?". ഇതു കേട്ട അബു ഹുറയ്റ(റ)യുടെ ഒരു സുഹൃത്ത് പറഞ്ഞു, "ഇസ്ലാമില്‍ വരുന്നതിന്മുന്‍പ് അദ്ദേഹത്തിന്‍റ്റെ പേര് 'അബ്ദ് ഷംസ്' എന്നായിരുന്നു. ഇസ്ലാം സ്വീകരിച്ചതിനുശേഷം പ്രവാചകന്‍ അദ്ദേഹത്തെ 'അബ്ദ് അര്‍റഹ്മാന്‍' എന്ന് വിളിച്ചു. അദ്ദേഹത്തിന് മൃഗങ്ങളോട് വളരെയധികം കാരുണ്യമായിരുന്നു. അദ്ദേഹത്തിന് ഒരു പൂച്ചയുണ്ടായിരുന്നു. എന്നും അതിന് ഭക്ഷണം കൊടുക്കുകയും, കൂടെ കൊണ്ട് നടക്കുകയും, കൂടെ താമസിപ്പിക്കുകയും ചെയ്തു. ആ പൂച്ച അദ്ദേഹത്തിന്‍റ്റെ നിഴല്‍ പോലെ എപ്പോഴും അദ്ദേഹത്തിന്‍റ്റെ കൂടെ നടന്നു. അങ്ങനെ അദ്ദേഹത്തിന്‍റ്റെ പേര്' അബു ഹുറയ്റ എന്നായി. അബു ഹുറയ്റ എന്നു വെച്ചാല്‍ 'പൂച്ചകുഞ്ഞിന്‍റ്റെ പിതാവ്' എന്നാണര്‍ത്ഥം. അല്ലാഹു അദ്ദേഹത്തോട് സംതൃപ്തനാകട്ടെ."

Source:
Men around the Messenger(S) by Khalid Muhammad Khalid

Friday 29 June 2007

സല്‍മാന്‍ അല്‍ ഫാരിസിയുമായി(റ) അല്‍പനേരം - ഭാഗം 3 (അവസാനിച്ചു)

ഒരിക്കല്‍ സല്‍മാന്‍ അല്‍ ഫാര്സിയുടെ(റ) സുഹ്രുത്ത് അദ്ദേഹത്തിന്‍റ്റെ വീട്ടില്‍ വന്നു. അപ്പോള്‍ സല്‍മാന്‍(റ) മാവ് കുഴക്കുകയായിരുന്നു. ഇതു കണ്ട സുഹ്രുത്ത് ചോദിച്ചു,
"താങ്കളുടെ പരിചാരിക എവിടെ?".
സല്‍മാന്‍(റ) പറഞ്ഞു, "ഞങ്ങള്‍ അവളെ ഒരു കാര്യത്തിനായി പറഞ്ഞു വിട്ടിരിക്കുകയാണ്. ഒരു സമയം രണ്‍ട് ജോലികള്‍ അവളെ ഏല്‍പിക്കാന്‍ ഞങ്ങള്‍ക്ക് താല്പര്യമില്ല."

ഒരിക്കല്‍ സല്‍മാന്‍ അല്‍ ഫാര്സി(റ) തന്‍റ്റെ വീട് നിര്‍മിക്കുന്നതിനെപറ്റി ആലോചിക്കുകയായിരുന്നു. അതിനുവേണ്‍ടി അദ്ദേഹം ഒരു ആശാരിയെ നിയമിച്ചു. "താങ്കള്‍ എങ്ങനെയാണു്‌ ഇതു പണിയാന്‍ ഉദ്ദേശിക്കുന്നത്?", സല്‍മാന്‍ അല്‍ ഫാര്സി(റ) ചോദിച്ചു. സല്‍മാന്‍ അല്‍ ഫാര്സി(റ)യുടെ ലളിതവും, ഭക്തിപൂര്‍ണവുമായ ജീവിതശൈലി അറിയാമായിരുന്ന ആശാരി, വളരെ വിനയത്തോടെയും, തമാശയോടെയും കൂടി ഇപ്പ്രകാരം പറഞ്ഞു, "അങ്ങ് ഭയപ്പെടേണ്ട. സൂര്യന്‍റ്റെ ചൂടില്‍ നിന്നും, മഞ്ഞു കാലത്തെ തണുപ്പില്‍ നിന്നും അങ്ങയെ സംരക്ഷിക്കുന്ന ഒരു വീടായിരിക്കുമിത്. അങ്ങ് എഴുന്നേല്‍റ്റ് നിന്നാല്‍, അതിന്‍റ്റെ മേല്‍ക്കൂര തലയില്‍ തട്ടുന്ന വിധമായിരിക്കും."
സല്‍മാന്‍ അല്‍ ഫാര്സി(റ) പറഞ്ഞു, "അതെ, അപ്പ്രകാരം തന്നെയാണ്' വേണ്ടത്."

ഈ ലോകത്തിലെ ഒരു സാധനങ്ങളിലും അദ്ദേഹത്തിന് ഒരു നിമിഷംപോലും താല്‍പര്യം ഇല്ലായിരുന്നു. മാത്രവുമല്ല, അദ്ദേഹത്തിന്‍റ്റെ മനസ്സില്‍പോലും അതിനോട് യാതൊരു താല്‍പര്യവും ഇല്ലായിരുന്നു. ഒരു കാര്യം ഒഴിച്ച്. അദ്ദേഹത്തിന്‍റ്റെ ശ്രദ്ധയില്‍ എപ്പോഴുമതുണ്ടായിരുന്നു. അത് അദ്ദേഹം തന്‍റ്റെ ഭാര്യയുടെ കൈവശം ഏല്‍പ്പിക്കുകയും, ഭദ്രമായി സൂക്ഷിക്കുവാനും പറഞ്ഞു.

അദ്ദേഹം മരണശൈയയില്‍ കിടക്കുന്ന സമയത്ത് തന്‍റ്റെ ഭാര്യയെ സമീപത്ത് വിളിച്ച് ഇങ്ങനെ പറഞ്ഞു, "ഞാന്‍ സൂക്ഷിക്കുവാന്‍ ഏല്‍പിച്ചത് ഇങ്ങ് കൊണ്ട് വരിക." അദ്ദേഹത്തിന്‍റ്റെ ഭാര്യയത് കൊണ്ടുവന്നു. തുറന്ന് നോക്കിയപ്പൊള്‍ കണ്ടത് ഒരു കസ്തൂരിയുടെ സുഗന്ധദ്രവ്യമായിരുന്നു.

ജല്‍വലാ പട്ടണം മോചിപ്പിച്ചപ്പോള്‍ അദ്ദേഹത്തിനു കിട്ടിയതായിരുന്നു ആ സുഗന്ധദ്രവ്യം. അത് അദ്ദേഹം തന്‍റ്റെ മരണ സമയത്തിനായി സൂക്ഷിച്ചുവെച്ചു. അദ്ദേഹം ഒരു പാത്രം വെള്ളം കൊണ്ടുവരുവാന്‍ തന്‍റ്റെ ഭാര്യയോട് പറഞ്ഞു. ആ സുഗന്ധദ്രവ്യം, വെള്ളത്തില്‍ ഒഴിച്ച് അദ്ദേഹം തന്‍റ്റെ സ്വന്തം കൈകള്‍കൊണ്ടിളക്കി. എന്നിട്ട് ഭാര്യയോട് ഇപ്പ്രകാരം പറഞ്ഞു,
"ഇത് എന്നില്‍ തളിക്കുക, അല്ലാഹുവില്‍നിന്നുമുള്ള മാലാഖമാര്‍ എന്‍റ്റെ അടുത്ത് വരുവാന്‍ സമയമായി. അവര്‍ ആഹാരം കഴിക്കില്ല, പക്ഷേ നല്ല സുഗന്ധത്തെ അവര്‍ ഇഷ്ടപെടുന്നു."

അദ്ദേഹത്തിന്‍റ്റെ ഭാര്യ അപ്പ്രകാരം ചെയ്തു. അതിനു ശേഷം വാതിലടച്ച് പുറത്തേയ്ക്ക് പോകുവാന്‍ അദ്ദേഹം ഭാര്യയോട് പറഞ്ഞു. കുറച്ച് സമയത്തിനു ശേഷം അദ്ദേഹത്തിന്‍റ്റെ ഭാര്യ തിരിച്ചുച്ചെന്നു നോക്കി. അപ്പോഴേക്കും അദ്ദേഹത്തിന്‍റ്റെ ആത്മാവ് ആ ശരീരം വിട്ട് പോയി കഴിഞ്ഞിരുന്നു.

Source:
Men around the Messenger(S) by Khalid Muhammad Khalid

സല്‍മാന്‍ അല്‍ ഫാരിസിയുമായി(റ) അല്‍പനേരം - ഭാഗം 2

സല്‍മാന്‍ അല്‍ ഫാര്സി(റ) തന്‍റ്റെ മരണശൈയ്യയിലാണ്. അദ്ദേഹത്തെ കാണുവാന്‍ സ'അദ് ഇബിന്‍ അബി വഖ്‌ഖാസ്(റ) അവിടെ ചെന്നു.

സ'അദ്(റ)നെ കണ്ടപ്പോള്‍ സല്‍മാന്‍ അല്‍ ഫാര്സി(റ) കരയുവാന്‍ തുടങ്ങി. സ'അദ്(റ) ചോദിച്ചു, "ഓ അല്ലാഹുവിന്‍റ്റെ അടിമേ, എന്തിനാണ്' നിങ്ങള്‍ കരയുന്നത്? പ്രവാചകന്‍റ്റെ മരണസമയത്ത് അദ്ദേഹം നിങ്ങളെകുറിച്ച് സംത്രിപ്തനാണ്'".

"അല്ലാഹുവാണെ, മരണത്തെ ഭയന്നല്ല ഞാന്‍ കരയുന്നത്. ഈ ലോകത്തോടുള്ള സ്നേഹത്താലുമല്ല ഞാന്‍ കരയുന്നത്. അല്ലാഹുവിന്‍റ്റെ പ്രവാചകന്‍ എന്നോട് ഒരുകാര്യം പറഞ്ഞേല്‍പ്പിച്ചിരുന്നു.
'ഈ ജീവിതത്തില്‍ നിങ്ങളുടെ കൈയില്ലുള്ള സംബാധ്യം, ഒരു യാത്രക്കാരന്‍റ്റെ കൈയില്ലുള്ളതുപോലെയാകട്ടെ.'
പക്ഷേ എനിക്കാകട്ടെ ഒരുപാട് സാധനങ്ങളൊണ്ടു താനും."

സ'അദ്(റ) പറഞ്ഞു, "ഞാന്‍ ചുറ്റും നോക്കി. പക്ഷേ വെള്ളം വെക്കുന്ന ഒരു പാത്രവും, ആഹാരം കഴിക്കുന്ന ഒരു പാത്രവും മാത്രമേ ഞാന്‍ കണ്ടൊള്ളു!"എന്നിട്ട്, സല്‍മാന്‍ അല്‍ ഫാര്സി(റ)യോട് ഞാന്‍ പറഞ്ഞു, "ഓ അല്ലാഹുവിന്‍റ്റെ അടിമേ, താങ്കള്‍ വിട പറയുന്നതിനു മുന്‍പായി, ഞങ്ങള്‍ക്ക് പിന്‍പറ്റുവാന്‍ ഒരുപദേശം തന്നാലും."

സല്‍മാന്‍ അല്‍ ഫാര്സി(റ) പറഞ്ഞു, "ഓ സ'അദ്,
നിങ്ങളുടെ ഉത്തരവാതിത്യത്തില്‍ അല്ലാഹുവെ സൂക്ഷിക്കുക, നിങ്ങള്‍ക്ക് എന്തെങ്കിലും ഉത്തരവാതിത്യം ഉണ്ടെങ്കില്‍.
നിങ്ങളുടെ തീരുമാനത്തില്‍ അല്ലാഹുവെ സൂക്ഷിക്കുക, നിങ്ങള്‍ക്ക് എന്തെങ്കിലും തീരുമാനിക്കുവാനുണ്ടെങ്കില്‍.
നിങ്ങള്‍ അവകാശം (വിഹിതം) പങ്കിടുന്നസമയത്ത് അല്ലാഹുവെ സൂക്ഷിക്കുക."

Source:
Men around the Messenger (S) by Khalid Muhammad Khalid

Thursday 28 June 2007

സല്‍മാന്‍ അല്‍ ഫാരിസിയുമായി(റ) അല്‍പനേരം - ഭാഗം 1

നമുക്ക് അല്‍പനേരം സല്‍മാന്‍ അല്‍ ഫാരിസിയുമായി(റ) ചിലവിടാം. മദീനയിലെ ഗവര്‍ണറായിരുന്ന കാലത്തും അദ്ദേഹം തന്‍റ്റെ ലളിതമായ ജീവിതം തന്നെ തുടര്‍ന്നു. ഭരണാധികാരിക്ക് സാധാരണ കൊടുക്കുവാറുള്ള ശബളം പോലും അദ്ദേഹം സ്വീകരിച്ചില്ല. പകരം, അദ്ദേഹം കുട്ടകള്‍ ഉണ്ടാക്കി വിറ്റാണ്' ജീവിച്ചത്. അദ്ദേഹത്തിന്‍റ്റെ വസ്ത്രവും വളരെ ലളിതമായിരുന്നു.

ഒരു ദിവസം അദ്ദേഹം(റ) വഴിയില്‍വെച്ച് സിറിയയില്‍ നിന്നും വരുന്ന ഒരു യാത്രക്കാരനെ കണ്ടുമുട്ടി. വളരെയധികം ഈന്തപഴവും ഫിഗ്ഗും ചുമന്നായിരുന്നു അയാളുടെ വരവ്. അയാള്‍ക്ക് ചുമക്കാന്‍ കഴിയുന്നതിലുമപ്പുറമായിരുന്നു അതിന്‍റ്റെ ഭാരം. അത് അയാളെ വളരെയധികം തളര്‍ത്തി. സിറിയക്കാരന്‍ നോക്കിയപ്പോള്‍ തന്‍റ്റെ മുന്‍പ്പില്‍ ഒരാള്‍ നില്‍ക്കുന്നു. സാധാരണ ഒരു മനുഷ്യന്‍. അവിടുത്തെ പാവപെട്ട ഏതെങ്കിലും നാട്ടുകാരനായിരിക്കുമെന്ന് അയാള്‍ കരുതി. അദ്ദേഹത്തെ കൊണ്ടു ചുമട് എടുപ്പിക്കാമെന്നും, ഉദ്ദേശിച്ച സ്ഥലത്തെത്തുമ്പൊള്‍ കൂലി കൊടുക്കാമെന്നും കരുതി അയാള്‍ സല്‍മാന്‍ അല്‍ ഫാര്സിയെ(റ) അടുക്കലേയ്ക്ക് വിളിച്ചു.


"എന്നെ ഈ ഭാരത്തില്‍ നിന്നും ഒന്ന് സഹായിക്കൂ." സിറിയക്കാരന്‍ പറഞ്ഞു. സല്‍മാന്‍ അല്‍ ഫാര്സി (റ) ആ ചുമട് എടുത്തുകൊണ്ട് അയാളുടെ കൂടെ നടന്നു. പോകുന്ന വഴി അവര്‍ ഒരു സംഘം ആളുകളെ കണ്ടു. സല്‍മാന്‍ അല്‍ ഫാര്സി(റ) അവര്‍ക്ക് സലാം പറഞ്ഞു. അവര്‍ വളരെ വിനയത്തോടെ എഴുന്നേറ്റ് നിന്നു കൊണ്ടു ഇപ്പ്രകാരം പറഞ്ഞു, "വ അലൈക്കുമുസ്സലാം ഗവര്‍ണര്‍". "ആരാണ്' ഗവര്‍ണര്‍?" സിറിയക്കാരന്‍ സ്വന്തത്തോടായി ചോദിച്ചു. സല്‍മാന്‍ അല്‍ ഫാര്സിയുടെ(റ) തോളില്‍ നിന്നും ഭാരമെടുക്കുവാന്‍ വേണ്ടി ആള്‍ക്കാര്‍ ഓടിക്കൂടി. "ഭാരം ഞങ്ങള്‍ ചുമക്കാം, ഓ ഗവര്‍ണര്‍." അവര്‍ പറഞ്ഞു.


തന്‍റ്റെ സാധനങ്ങള്‍ ചുമക്കുന്നത് മദീനയുടെ ഗവര്‍ണറാണെന്നു മനസ്സിലാക്കിയ സിറിയക്കാരന്' അധിശയമായി. അദ്ദേഹം തന്‍റ്റെ തെറ്റിനു സല്‍മാന്‍ അല്‍ ഫാര്സിയോട്(റ) മാപ്പ് ചോദിക്കുകയും ചുമട് തിരിച്ച് വാങ്ങുവാനും ചെന്നു. പക്ഷേ സല്‍മാന്‍ അല്‍ ഫാര്സി(റ) വിസമ്മതത്തോടെ തല കുലുക്കികൊണ്ട് പറഞ്ഞു, "ഉദ്ദേശിച്ച സ്ഥലത്ത് എത്തുന്നത് വരെ ഞാന്‍ ഇതു തരില്ല."


Source:

Men around the Messenger(S) by Khalid Muhammad Khalid

അബു അല്‍ ഹസന്‍റ്റെ [അലി ബിന്‍ അബിത്വാലിബ്(റ)] അറിവ്

ഒരു പ്രായംച്ചെന്ന മനുഷ്യന്‍ ഉമര്‍ ബിന്‍ ഖത്താബിന്‍റ്റേയും(റ), അലി ബിന്‍ അബിത്വാലിബിന്‍റ്റേയും(റ) അടുത്ത് ഇരിക്കുകയായിരുന്നു. അയാള്‍ അല്ലാഹുവിനെ പുകഴ്ത്തുവാനും പ്രാര്‍ദ്ഥിക്കുവാനും തുടങ്ങി.
ഇതു കേട്ട ഉമര്‍(റ) ചോദിച്ചു, "നിങ്ങള്‍ക്കെന്ത് സംഭവിച്ചു?".

അയാള്‍ പറഞ്ഞു, "ഞാന്‍ ഫിത്നയെ സ്നേഹിക്കുന്നു, സത്യത്തെ വെറുക്കുന്നു. വുദു ഇല്ലാതെ ഞാന്‍ പ്രാര്‍ദ്ഥിക്കുന്നു. തന്നെയുമല്ല, അല്ലാഹുവിന്' സ്വര്‍ഗ്ഗത്തിലില്ലാത്തത് എനിക്ക് ഭൂമിയിലുണ്ട്..."
ഇതു കേട്ട ഉമറിന്‍റ്റെ(റ) മുഖം ചുവന്നു. ദേഷ്യത്താല്‍ ഉമര്‍(റ) അയാളെ അടിക്കുവാനായി പിടിച്ചു. ഇതു കണ്ട അലി(റ) ചിരിച്ചുകൊണ്ടിപ്പ്രകാരം പറഞ്ഞു,


"ഓ, സത്യവിഷ്വാസികളുടെ നേതാവെ!, അയാള്‍ ഫിത്നയെ സ്നേഹിക്കുന്നു എന്നതുകൊണ്ടുദ്ദേശിച്ചത് ഖുറാനില്‍ പറഞ്ഞതുപോലെ അയാള്‍ പണത്തേയും, ലോകത്തെയും, കുടുംബത്തേയും സ്നേഹിക്കുന്നു എന്നാണ്."


"നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണമാണെന്നും, അല്ലാഹുവിങ്കലാണ്' മഹത്തായ പ്രതിഫലമുള്ളതെന്നും നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക." (വിശുദ്ധ ഖുറാന്‍ 8 - 28)


"സത്യത്തെ വെറുക്കുന്നു എന്ന് അയാള്‍ ഉദ്ദേശിച്ചത്, ഖുറാനില്‍ പറഞ്ഞതു പോലെ മരണത്തെയാണ്."


"മരണവെപ്രാളം യാഥാര്‍ത്ഥ്യവും കൊണ്ട് വരുന്നതാണ്. എന്തൊന്നില്‍ നിന്ന് നീ ഒഴിഞ്ഞ് മാറികൊണ്ടിരിക്കുന്നുവോ അതത്രെ ഇത്." (വിശുദ്ധ ഖുറാന്‍ 50 - 19)


"അയാള്‍ വുദു എടുക്കാതെ പ്രാര്‍ദ്ഥിക്കുന്നു എന്നുദ്ദേശിച്ചത് അയാള്‍ പ്രവാചകനുവേണ്ടി(സ്വ) പ്രാര്‍ദ്ഥിക്കുന്നു എന്നാണ്. അതിന്' വുദു ആവശ്യമില്ല."
"അല്ലാഹുവിന്' സ്വര്‍ഗ്ഗത്തിലില്ലാത്തത് അയാള്‍ക്ക് ഭൂമിയിലുണ്ട് എന്നത് കൊണ്ടുദ്ദേശിച്ചത് അയാള്‍ക്ക് ഭാര്യയും മക്കളുമുണ്ട് എന്നതാണ്."


"(നബിയേ) പറയുക: കാര്യം അല്ലാഹു ഏകനാണ്' എന്നതാകുന്നു.അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല.അവന്‍ തുല്യനായി ആരും ഇല്ലതാനും" (വിശുദ്ധ ഖുറാന്‍ 112)


ഇതു കേട്ട ഉമര്‍ ബിന്‍ ഖത്താബിന്‍റ്റെ (റ) മുഖം സന്തോഷംകൊണ്ട് നിറഞ്ഞു. അദ്ദേഹത്തിന്' വളരെയധികം ആശ്വാസമായി. സന്തോഷത്തോടെ അദ്ദേഹം ഇപ്പ്രകാരം പറഞ്ഞു.
"അബു അല്‍ ഹസന്‍ (അലിയെയാണ്' ഉദ്ദെശിച്ചത്) അദ്ദേഹത്തിന്‍റ്റെ അറിവ് പങ്കിടാന്‍ ഇല്ലാത്ത ലോകം വളരെ പരിതാപകരമായ ലോകം തന്നെയാണ്."


Source:

Translated from "100 Stories from the Life of Ali bin Abi Taalib" by Muhammad Sedeeq Al Minshawi, Dar Al Fadeela Publishing, 2002.

"അബു ഹുറയ്റ എങ്ങനെ വളരെയധികം ഹദീസുകള്‍ നിവേദനം ചെയ്യുന്നു?"

അബു ഹുറയ്റ (റ) നിവേദനം ചെയ്തത്...
ആളുകള്‍ എപ്പോഴും പറയാറുണ്ടായിരുന്നു, "അബു ഹുറയ്റ എങ്ങനെ വളരെയധികം ഹദീസുകള്‍ നിവേദനം ചെയ്യുന്നു?"ഉള്ളത്‌ പറഞ്ഞാല്‍ ഞാന്‍ അല്ലാഹുവിന്‍റ്റെ പ്രവാചകന്‍റ്റെ കൂടെ വളരെയധികം സമയം ചിലവഴിക്കുവാന്‍ എപ്പോഴും ശ്രമിക്കുന്നു. ഞാന്‍ കൂടിയതരം ഭക്ഷണം കഴിച്ചിട്ടില്ല, വര്‍ണ്ണങ്ങളുള്ള വസ്ത്രങ്ങള്‍ ധരിച്ചിട്ടില്ല. തന്നെയുമല്ല എനിക്കു സേവനത്തിനു പരിചാരകരുമില്ലായിരുന്നു.

വിശപ്പ്‌കാരണം ഞാന്‍ എന്‍റ്റെ വയറു കല്ലുകൊണ്ട് അമര്‍ത്തി പിടിക്കുമായിരുന്നു. എനിക്ക് അറിയാമെങ്കിലും ഞാന്‍ ആരോടെങ്കിലും ഖുറാന്‍റ്റെ ഒര്' വരി ഓതുവാന്‍ പറയുമായിരുന്നു. അതിനുശേഷം അദ്ദേഹം എന്നെ വീട്ടില്‍ കൊണ്ടു പോയി ഭക്ഷണം നല്‍കുമെന്ന് കരുതിയാണു്‌ ഞാന്‍ അങ്ങനെ ചെയ്യാറുള്ളത്. അക്കൂട്ടത്തില്‍ പാവങ്ങളോട് ഏറ്റവും ഉദാരന്‍ ജാഫര്‍ ബിന്‍ അബി ത്വാലിബ് (റ) ആയിരുന്നു.

അദ്ദേഹം ഞങ്ങളെ അദ്ദേഹത്തിന്‍റ്റെ വീട്ടില്‍ കൊണ്ടു പോയി, അവിടെ എന്ത് ഭക്ഷണമുണ്ടോ അതു നല്‍കുമായിരുന്നു. ചിലപ്പോള്‍ അവിടെ ഒന്നും കഴിക്കുവാന്‍ കാണില്ല. അപ്പോള്‍ പാത്രത്തില്‍ മിച്ചമിരിക്കുന്ന വെണ്ണയോ മറ്റോ ഞങ്ങള്‍ തുടച്ച് കഴിക്കുമായിരുന്നു.

Source:
Sahih BukhariVolume 5, Book 57, Number 57
http://www.sahaba.net/modules.php?name=News&file=article&sid=236

ചിത്രങ്ങള്‍

1. മസ്ജിദുകള്‍

Wednesday 27 June 2007

വിശുദ്ധ ഖുറാന്‍ 48 - 18


"ആ മരത്തിന്‍റ്റെ ചുവട്ടില്‍ വെച്ച് സത്യവിശ്വാസികള്‍ നിന്നോട് പ്രതിക്ഞ ചെയ്തിരുന്ന സന്ദര്‍ഭത്തില്‍ തീര്‍ച്ചയായും അല്ലാഹു അവരെ പറ്റി ത്രിപ്തിപ്പെട്ടിരിക്കുന്നു. അവരുടെ ഹ്രിദയങ്ങളിലുള്ളത് അവന്‍ അറിയുകയും, അങ്ങനെ അവര്‍ക്ക് മനസ്സമാധാനം ഇറക്കികൊടുക്കുകയും, ആസന്നമായ വിജയം അവര്‍ക്ക് പ്രതിഫലമായി നല്‍കുകയും ചെയ്തു. "

(വിശുദ്ധ ഖുറാന്‍ 48 - 18)

വിശുദ്ധ ഖുറാന്‍

1. വിശുദ്ധ ഖുറാന്‍ 9 - 100
2. വിശുദ്ധ ഖുറാന്‍ 48 - 18
3. വിശുദ്ധ ഖുറാന്‍ അധ്യായം 2-177

വിശുദ്ധ ഖുറാന്‍ 9 - 100

"മുഹാജിറുകളില്‍ നിന്നും അന്‍സാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുക്രുതം ചെയ്തു കൊണ്ടു അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംത്രിപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംത്രിപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവയ്ക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം."
(വിശുദ്ധ ഖുറാന്‍ 9 - 100)


അബു ദര്‍ ഗിഫാറി(റ) പറഞ്ഞു."ഈ ഭവനത്തിന്‍റ്റെ ഉടമസ്തന്‍ നമ്മളെ എക്കാലവും ഇതില്‍ താമസിക്കുവാന്‍ അനുവദിക്കില്ല."

പ്രവാചകന്‍റ്റെ(സ്വ) മരണ ശേഷം മദീനയില്‍ താമസിക്കുക എന്ന കാര്യം അബു ദര്‍ ഗിഫാറിക്കു(റ) വളരെ പ്രയസകരമായി തീര്‍ന്നു. പ്രവാചകന്‍റ്റെ മരണത്താലുള്ള ദുഃഖം കാരണമായിരുന്നു അത്. മദീന പ്രവാചകന്‍റ്റെ ഓര്‍മകളാല്‍ നിറഞ്ഞു നിന്നു.

അദ്ദേഹം അവിടെ നിന്നും സിറിയയിലെ മരുഭൂമിയിലേയ്ക്കു യാത്ര തിരിച്ചു. അബൂ ബെക്കറിന്‍റ്റെയും(റ), ഉമറിന്‍റ്റെയും(റ) ഖിലാഫത്തു കാലത്ത് അദ്ദേഹം സിറിയയില്‍ത്തന്നെ താമസിച്ചു. ഉത്'മാന്‍റ്റെ(റ) ഖിലാഫത്ത് കാലത്ത്, അബു ദര്‍ ഗിഫാറി(റ) ദമാസ്കസ്സിലായിരുന്നു താമസിച്ചത്. മുസ്ലീമുകള്‍ ഇസ്ലാമില്‍നിന്നും അകലുന്നതും, സുഖങ്ങളുടെയും, സൌകര്യങ്ങളുടെയും പിന്നാലെ പൊകുന്നതിനും അദ്ദേഹം സാക്ഷ്യം വഹിച്ചു.


ഇഹലോകത്തിനു വേണ്ടിയുള്ള മുസ്ലിമുകളുടെ പരക്കം പായ്ച്ചില്‍ കണ്ടിട്ട് അദ്ദേഹത്തിന്നു വല്ലാതെ വിഷമം ഉണ്ടായി. അതുകാരണം ഉത്'മാന്‍(റ) അദ്ദേഹത്തെ മദീനയിലേയ്ക്കു ക്ഷണിച്ചു. അവിടെയും സ്ഥിതി അതുതന്നെ ആയിരുന്നു.

അക്കാരണത്താല്‍ അബു ദര്‍ ഗിഫാറിയോട്(റ) മദീനയുടെ സമീപത്തുള്ള "അല്‍ റബതാഹ്" എന്ന ചെറിയ ഗ്രാമത്തിലേയ്ക്ക് പോകുവാന്‍ ഉത്'മാന്‍(റ) പറഞ്ഞു. അങ്ങനെ അബു ദര്‍ ഗിഫാറി(റ) അവിടെ ആളുകളില്‍ നിന്നും അകന്ന് താമസിച്ചു. പ്രവാചകന്‍റ്റെയും സഹാബാക്കളുടെയും ജീവിതശൈലി മുറുകെ പിടിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്‍റ്റെ ജീവിതം.

ഒരിക്കല്‍ ഒരാള്‍ അദ്ദേഹത്തിന്‍റ്റെ വീട്ടില്‍ ചെന്നു. വീട്ടിനകത്ത് അധികം സാധനങ്ങള്‍ ഒന്നുമില്ലായിരുന്നു. ഇതു കണ്ട അയാള്‍ അബു ദര്‍ ഗിഫാറിയോട്(റ) ഇപ്പ്രകാരം ചോദിച്ചു,

"താങ്കളുടെ മുതലുകളൊക്കെ (സംബാധ്യമൊക്കെ) എവിടെ?"

ഇതു കേട്ട അബു ദര്‍ ഗിഫാറി(റ) പറഞ്ഞു,

"ഞങ്ങള്‍ക്ക് അങ്ങ് അകലെ ഒരു ഭവനമുണ്ട് (മരണാന്തര ജീവിതമാണ്' അദ്ദേഹമിവിടെ ഉദ്ദേശിച്ചത്), ഞങ്ങളുടെ ഏറ്റവും നല്ല സംബാധ്യം മുഴുവനും അവിടെയാണ്"

അബു ദര്‍ ഗിഫാറി(റ) പറഞ്ഞത് മനസ്സിലായ അയാള്‍ പറഞ്ഞു,

"എന്നാലും ഇവിടെ താമസിക്കുന്നിടത്തോളം കാലം നിങ്ങള്‍ക്ക് എന്തെങ്കിലും സംബാധ്യം വേണം".

"ഈ ഭവനത്തിന്‍റ്റെ ഉടമസ്തന്‍ നമ്മളെ എക്കാലവും ഇതില്‍ താമസിക്കുവാന്‍ അനുവദിക്കില്ല." അബു ദര്‍ ഗിഫാറി(റ) പറഞ്ഞു.


മറ്റൊരിക്കല്‍ സിറിയയിലെ അമീര്‍, അബു ദര്‍ ഗിഫാറിക്ക്(റ) തന്‍റ്റെ ജീവിത ചിലവിനായി മുന്നുര്‍ ദിനാര്‍ കൊടുത്തു. അദ്ദേഹമത് തിരിച്ചു നല്കിക്കൊണ്ട് ഇങ്ങനെ പറഞ്ഞു, "എന്നെക്കാളും അര്‍ഹതപെട്ട മറ്റൊരാളെ അമീര്‍ കണ്ടില്ലെ?".


അബു ദര്‍ ഗിഫാറി(റ) മരണം വരെയും തന്‍റ്റെ ലളിതമായ ജീവിതം അല്ലാഹുവില്‍ അര്‍പിച്ചുകൊണ്ട് തുടര്‍നു. അദ്ദേഹം ഹിജ്ര 32ആം വര്‍ഷം ഈ ലോകത്തൊടു വിട പറഞ്ഞു.

Source:

ഉബയ് ഇബിന്‍ ക'അബ്(റ) പറഞ്ഞു, "അതാണു തഖ്വ്'വ"



ഒരിക്കല്‍ ഉമര്‍ ബിന്‍ ഖത്താബ് (റ), ഉബയ് ഇബിന്‍ ക'അബ്(റ)നോടു ഇപ്പ്രകാരം ചോദിച്ചു, "തഖ്വ്'വ എന്നാല്‍ എന്താണ്?".
ഉബയ് ഇബിന്‍ ക'അബ്(റ) പറഞ്ഞു, "ഓ, സത്യവിശ്വാസികളുടെ നേതാവേ, മുള്ളുകള്‍ നിറഞ്ഞ വഴിയിലൂടെ അങ്ങ് സഞ്ചരിച്ചിട്ടുണ്ടോ?"
ഉമര്‍ (റ) പറഞ്ഞു, "സഞ്ചരിച്ചിട്ടുണ്ട്".
ഉബയ് ഇബിന്‍ ക'അബ്(റ) ചോദിച്ചു, "അപ്പോള്‍ അങ്ങ് എന്തു ചെയ്യും?".
ഉമര്‍ (റ) പറഞ്ഞു, "ഞാന്‍ വസ്ത്രം ഉയര്‍ത്തി, വളരെ സൂക്ഷ്മതയോട്കൂടി സഞ്ചരിക്കും".
ഉബയ് ഇബിന്‍ ക'അബ്(റ) പറഞ്ഞു, "അതാണു തഖ്വ്'വ".



Tuesday 26 June 2007

മസ്ജിദുകള്‍

പ്രശ്നോത്തരി?

1. ഏറ്റവും കൂടുതല്‍ ഹദീസ് നിവേദനം ചെയ്ത സഹാബി?
അബു ഹുറയ്റ (റ)

2. "ജീവിക്കുന്ന രക്തസാക്ഷി" എന്ന് പേരു നല്‍കപെട്ട സഹാബി ആര്?

തല്‍ഹാ ഇബിന്‍ ഉബയ്ദുല്ലാഹ് (റ)



തുടരും...

Monday 25 June 2007

ഫാത്തിമ (റ), പരലോകത്തിനു വേണ്‍ടി അങ്ങയെ വിട്ടു പൊയി, തിരിച്ച് ഇഹലോകവുമായി വന്നു

സുഐദ് ഇബിന്‍ ഗഫ്'ലാഹില്‍ നിന്നും നിവേദനം.

ഒരു ദിവസം അലി ബിന്‍ അബിത്വാലിബിനു്‌ (റ) ഭയങ്കരമായ വിശപ്പ്. അദ്ദേഹം ഭക്ഷണത്തിനായി വളരെയധികം ആഗ്രഹിച്ചു. അദ്ദേഹം ഫാത്തിമയോടു (റ), അവരുടെ പിതാവ്, പ്രവാചകന്‍റ്റെ (സ) അടുത്തുച്ചെന്ന് ഭക്ഷണം ചോദിക്കുവാന്‍ പറഞ്ഞു.

ഫാത്തിമ (റ) പ്രവാചകന്‍റ്റെ അടുക്കല്‍ ചെന്നു. ആ സമയത്ത്, ഉമ്മു്‌ അയ്മന്‍ (റ) പ്രവാചകന്‍റ്റെ കൂടെ ഉണ്ടായിരുന്നു. ഫാത്തിമ (റ) വാതിലില്‍ തട്ടി.

പ്രവാചകന്‍ (സ), ഉമ്മു്‌ അയ്മനോടു (റ) ഇപ്രകാരം പറഞ്ഞു. "തീര്‍ച്ചയായും, ഫാത്തിമയാണു്‌ ഇപ്രകാരം കതകില്‍ തട്ടാറുള്ളത്. ഈ സമയത്ത് സാധാരണ ഫാത്തിമ വരാറില്ല."

ഫാത്തിമ (റ) അകത്തുച്ചെന്ന് ഇപ്രകാരം പറഞ്ഞു. "ഓ, അല്ലാഹുവിന്‍റ്റെ പ്രവാചകനെ, മാലാഖമാരുടെ ഭക്ഷണം തഹ്'ലീലും (ലാ ഇലാഹ ഇല്ലള്ളാ എന്ന് പറയുന്നത്), തസ്ബീഹും (സുബ്'ഹാനല്ലാഹ് എന്ന് പറയുന്നത്), തഹ്'മീദും (അല്‍ഹംദുല്ലില്ലാഹ് എന്ന് പറയുന്നത്) ആണല്ലോ. എന്താണ്' നമ്മുടെ ഭക്ഷണം?."

ഇതു കേട്ട അല്ലാഹുവിന്‍റ്റെ പ്രവാചകന്‍ (സ) ഇപ്പ്രകാരം പറഞ്ഞു. "എന്നെ സത്യവുമായി പറഞ്ഞുവിട്ട അല്ലാഹുവിന്‍റ്റെ നാമത്തില്‍ ഞാന്‍ പറയുന്നു, എന്‍റ്റെ വീട്ടില്‍ തീ കത്തിച്ചിട്ട് മുപ്പതു ദിവസം ആയി. നമുക്കു കുറച്ച് ആടുകളെ കിട്ടിയിട്ടുണ്ട്. എന്‍റ്റെ മകള്‍ക്ക് വേണമെങ്കില്‍ ഞാന്‍ 5 ആടുകളെ തരാന്‍ പറയാം. അല്ലെങ്കില്‍ എന്‍റ്റെ മകള്‍ക്ക്, ജിബ്രീല്‍ എന്നെ പഠിപ്പിച്ച 5 കാര്യങ്ങള്‍ ഞാന്‍ പഠിപ്പിച്ചു തരാം."

ഫാത്തിമ (റ) പറഞ്ഞു, "ജിബ്രീല്‍ (അ) പഠിപ്പിച്ച കാര്യങ്ങള്‍ എന്നെ പഠിപ്പിച്ചു തന്നാലും"

പ്രവാചകന്‍ (സ്വ) പറഞ്ഞു, "പറയുക,
ഓ അല്ലാഹ്, ആദ്യത്തതില്‍ ആദ്യത്തത് നിയാണ്,
ഓ അല്ലാഹ്, അവസാനത്തതില്‍ അവസാനത്തത് നിയാണ്,
ഓ അല്ലാഹ്, എന്നും നിലനില്‍ക്കുന്ന ശക്തിയുടെ അധിപന്‍ നിയാണ്,
ഓ അല്ലാഹ്, പാവങ്ങള്‍ക്ക് കാരുണ്യവാനായവന്‍ നിയാണ്,
ഓ അല്ലാഹ്, കാരുണ്യമുള്ളവരില്‍ കാരുണ്യവാന്‍ നിയാണ്."

ഫാത്തിമ (റ) പറഞ്ഞു, "ഞാന്‍ അവിടെ നിന്നും അലിയുടെ അടുത്തുച്ചെന്നു. അലി എന്നൊടു ഇപ്പ്രകാരം ചോദിച്ചു".
"എന്തു സംഭവിച്ചു?"
"ഞാന്‍ പരലോകത്തിനു വേണ്‍ടി അങ്ങയെ വിട്ടു പൊയി, തിരിച്ച് ഇഹലോകവുമായി വന്നു". ഫാത്തിമ (റ) പറഞ്ഞു.
ഇതു കേട്ട അലി (റ) പറഞ്ഞു, "ഫാത്തിമയുടെ നല്ല ദിവസങ്ങളില്‍ ഒന്നാണിത്!"

Sources:
Alkanz (1/302)Tathkirat Alhuffath (3/945)
http://www.sahaba.net/modules.php?name=News&file=article&sid=178

അബൂബക്കര്‍ സിദ്ദീഖും (റ) മാലാഖയും

ഒരു ദിവസം ഒരാള്‍ അബൂബക്കര്‍ സിദ്ദിഖിനെ (റ), ചീത്ത പറയുകയായിരുന്നു. പ്രവാചകന്‍ (സ) തങ്ങള്‍ വളരെ ആകാംക്ഷയോടെ, ചെറു പുന്‍ചിരിയോട് കൂടി, ഇതു നോക്കിയിരിന്നു. അബൂബക്കര്‍ സിദ്ദിഖ് (റ) കുറേ നേരം, ഒന്നും തിരിച്ചു പറയാതെ ക്ഷമയോടെ കേട്ട്‌കൊണ്ടിരുന്നു. വളരെ നേരത്തിനു ശേഷവും അയാള്‍ നിര്‍ത്തുന്നില്ല. സഹികെട്ട അബൂബക്കര്‍ (റ) തിരിച്ച് എന്തോ മറുപടി പറഞ്ഞു. ഇതു കണ്ട പ്രവാചകന്‍ (സ), വളരെ വിഷമത്തോടുകൂടി അവിടെ നിന്നും എഴുന്നേറ്റുപൊയി.

അബൂബക്കര്‍ (റ) ഉടനെ പ്രവാചകന്‍റ്റെ പുറകേ ചെന്ന്‌ന്നു. അദ്ദേഹം ഇപ്പ്രകാരം പറഞ്ഞു. "ഓ അല്ലാഹുവിന്‍റ്റെ പ്രവാചകനെ, ആ മനുഷ്യന്‍ എന്നെ ചീത്ത പറഞ്ഞു കൊണ്ടിരുന്നപ്പോള്‍, അങ്ങ് ഒന്നും പറഞ്ഞില്ല. പക്ഷേ, ഞാന്‍ തിരിച്ച് മറുപടി പറഞ്ഞപ്പോള്‍ അങ്ങു വിഷമത്തോട്കൂടി അവിടെ നിന്നും എഴുന്നേറ്റ് പോയി."

അപ്പോള്‍ അല്ലാഹുവിന്‍റ്റെ പ്രവാചകന്‍ (സ) ഇപ്പ്രകാരം പറഞ്ഞു, "നിങ്ങള്‍ മറുപടി പറയാതെ ഇരുന്നപ്പോളെല്ലാം, നിങ്ങള്‍ക്കു വേണ്ടി ഒരു മാലാഖ നിങ്ങളോടൊപ്പം ഇരുന്നു മറുപടി പറയുന്നുണ്ടായിരുന്നു. നിങ്ങള്‍ മറുപടി പറയുവാന്‍ തുടങ്ങിയപ്പൊള്‍ ആ മാലാഖ നിങ്ങളെ വിട്ടു പോകുകയും, പകരം ഒരു സാത്താന്‍ നിങ്ങള്‍ക്ക് കൂട്ടായി വന്നിരിക്കുകയും ചെയ്തു."
എന്നിട്ട് റസൂല്‍ (സ) പറഞ്ഞു "ഓ, അബുബെക്കര്‍. ഈ മൂന്ന് കാര്യങ്ങള്‍ ഉറച്ച സത്യങ്ങള്‍ ആണ്.


1. ഒരു മനുഷ്യന്, മറ്റൊരാള്‍ മുഖേന എന്തെങ്കിലും വിഷമം നേരിടുകയും, അത് അയാള്‍ (അല്ലാഹുവിന്‍റ്റെ പ്രീതിക്കു വേണ്ടി മാത്രം) ക്ഷമിക്കുകയുമാണെങ്കില്‍, അല്ലാഹു അയാളെ ആദരിക്കുകയും, അയാള്‍ക്ക് മുന്‍തൂക്കം നല്‍കുകയും ചെയ്യും.

2. ഒരു മനുഷ്യന്‍, തന്‍റ്റെ ഉറ്റവരുമായിട്ടുള്ള ബന്തം നിലനിര്‍ത്തുന്നതിനുവേണ്ടി, പരിശ്രമിക്കുന്നു. അതിനായി അയാള്‍ അവര്‍ക്ക് സമ്മാനങ്ങള്‍ കൊടുക്കുന്നു. എന്നാല്‍ അല്ലാഹു അയാള്‍ക്കു സമ്രിധി നല്‍കും.

3. ഒരു മനുഷ്യന്‍, തന്‍റ്റെ ധനം വര്‍ധ്ധിപ്പിക്കുന്നതിനായി യാചന നടത്തുകയാണെങ്കില്‍, അല്ലാഹു അയാളുടെ ധനം കുറയ്ക്കും."



മിഷ്കാഹ്, മുസ്നാദ് അഹമ്മദില്‍ നിന്നും അബു ഹുറയ്റ (റ) നിവേദനം ചെയ്യപെട്ടത്.
source: http://www.sahaba.net/modules.php?name=News&file=article&sid=207

Sunday 24 June 2007

ഉമര്‍ ബിന്‍ അല്‍ ഖതാബ് (റ), സത്യവിശ്വാസികളുടെ നേതാവ്

തന്‍റ്റെ പ്രജകളുടെ ക്ഷേമം അറിയുന്നതിനുവേണ്ടി , ഉമര്‍ ബിന്‍ അല്‍ ഖതാബ് (റ) രാത്രിയില്‍ രഹ്സ്യമായി സഞ്ചരിക്കുമായിരുന്നു.

ഒരു ദിവസം രാത്രി പതിവുപോലെ അദ്ദേഹം മദീനയിലൂടെ സഞ്ചരിക്കുകയായിരുന്നു. വഴി മധ്യേ, അദ്ദേഹം ഒരു കാഴ്ച്ച കണ്‍ടു. ഒരു സ്ത്രീ, അവരുടെ കുഞ്ഞുങ്ങള്‍ക്കായി തിരക്കിട്ടു ഭക്ഷണം പാചകം ചെയ്യുകയാണ്. കുഞ്ഞുങ്ങള്‍ നിര്‍ത്താതെ കരഞ്ഞുകൊണ്ടിരിക്കുന്നു. ഇതു കണ്‍ട ഉമര്‍ (റ) വല്ലാതെ ദുഃഖിതനായി. കുഞ്ഞുങ്ങള്‍ എന്തിനാണു കരയുന്നതെന്നു അദ്ദേഹം അവരോടു ചോദിച്ചു. തന്‍റ്റെ കുഞ്ഞുങ്ങള്‍ ഭക്ഷണത്തിനായി കരയുകയാണെന്നും, അവിടെ ഭക്ഷണമില്ലെന്നും അവര്‍ അദ്ദേഹത്തിനോടു പറഞ്ഞു. വാസ്തവത്തില്‍ അടുപ്പില്‍ ഒന്നും ഇല്ലെന്നും, കുഞ്ഞുങ്ങള്‍ ഉറങ്ങുന്നതു വരെ അവര്‍ ഭക്ഷണം പാചകം ചെയ്യുന്നതായി നടിക്കുകയാണെന്നും പറഞ്ഞു. ഇതു
കേട്ട ഉമര്‍(റ) വളരെയധികം വിഷമിക്കുകയും, ഭയപ്പെടുകയും ചെയ്തു. താന്‍ ഖലീഫ ആയിരിക്കെ, തന്‍റ്റെ പ്രജകളുടെ പ്രശ്നങ്ങള്‍ക്ക് അല്ലാഹുവിന്‍റ്റെ മുന്‍പില്‍ താന്‍ ഉത്തരം പറയേണ്ടി വരുമെന്ന ചിന്ത ഉമറിനെ വല്ലാതെ അസ്വസ്തനാക്കി.

ഉടനെ തന്നെ അദ്ദേഹം തിരിച്ചുപോയി. നേരെ ഖജനാവിലേക്കാണു അദ്ദേഹം ചെന്നത്. ഖജനാവില്‍നിന്നും അദ്ദേഹം ആഹാരവും, വസ്ത്രങ്ങളും, പണവുമായി നേരെ തിരിച്ചു നടന്നു. അദ്ദേഹത്തിന്‍റ്റെ കൂടെ ഒരു പരിചാരകനുമുണ്ടായിരുന്നു. അദ്ദേഹം തന്‍റ്റെ ജൊലിക്കാരനെ കൊണ്‍ടു പോലും ഒരു സാധനവും ചുമപ്പിച്ചില്ല. അല്ലാഹുവിന്‍റ്റെ മുന്‍പില്‍, തന്‍റ്റെ പ്രജകളുടെ ക്ഷേമത്തിനുത്തരവാദി താന്‍ ആയിരിക്കുമെന്നും, ഈ പരിചാരകന്‍ ആ സമയം (പ്രതിഫല ദിവസം) തന്‍റ്റെ പാപം ചുമക്കാന്‍, തന്‍റ്റെ കൂടെ കാണില്ലെന്നുമുള്ള കാരണത്താലാണു്‌ ഉമര്‍ (റ) തന്‍റ്റെ പരിചാരകനെ കൊണ്ടു പോലും ഈ ഭാരം ചുമപ്പിക്കാഞ്ഞത്.

ഉമര്‍ (റ) ആ സ്ത്രീയുടെ വീട്ടില്‍ തിരിച്ചെത്തി. അദ്ദേഹംതന്നെ ഭക്ഷണം പാചകം ചെയ്യുവാന്‍ തുടങ്ങി. എല്ലാവരും ഭക്ഷണം കഴിച്ചതിനു ശേഷം, അദ്ദേഹം കുട്ടികളുമായി കളിക്കുവാന്‍ തുടങ്ങി. ഉമര്‍ (റ) പറഞ്ഞു, "അവര്‍ കരയുന്നതു ഞാന്‍ കണ്ടു. അവര്‍ ചിരിക്കുന്നതു വരെ ഇവിടെ നിന്നു മടങ്ങുവാന്‍ എനിക്ക് താല്പര്യം ഇല്ലായിരിന്ന്‌ന്നു". അപ്പോള്‍ ആ സ്ത്രീ പറഞ്ഞു, "അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. നിങ്ങള്‍ ഉമര്‍ ബിന്‍ അല്‍ ഖതാബിനെക്കാളും മെച്ചപെട്ട മനുഷ്യനാണ്."
അപ്പോള്‍ അദ്ദേഹം ചോദിച്ചു, "ഉമറിനെ കുറിച്ച് എന്താണു നിങ്ങളുടെ അഭിപ്രായം?" അതിനു മറുപടിയായി അവര്‍ ഇപ്രകാരം പറഞ്ഞു, "അദ്ദേഹം ഞങ്ങളുടെ സുക്രുതം അദ്ദേഹത്തിന്‍റ്റെ ചുമലില്‍ എടുത്തു വയ്ക്കുകയും (അദ്ദേഹം കലീഫ ആയതിനെ കുറിച്ചാണു ആ സ്ത്രീ ഇവിടെ പറഞ്ഞത്), ഞങ്ങളെ മറക്കുകയും ചെയ്തു." ഇതു കേട്ട ഉമര്‍ (റ) കരഞ്ഞുകൊണ്ടു ഇപ്രകാരം പറഞ്ഞു, "എല്ലാ മനുഷ്യരും ഉമറിനെക്കാളും അറിവുള്ളവരാണ്."


Sources:
"Glimpses From the Lives of the Sahaba and Tabi'een, Umar Ibn Al Khattab." By Dr. M. Jilani. Taiba Publishers, 2003.
http://www.sahaba.net/modules.php?name=News&file=article&sid=67

ചെറിയ സംഭവങ്ങള്‍

1. "എന്തിനാണു്‌ അബു ഹുറയ്റ കരയുന്നതു്‌?"
2. ഉമര്‍ ബിന്‍ അല്‍ ഖതാബ് (റ), സത്യവിശ്വാസികളുടെ നേതാവ്
3. അബൂബക്കര്‍ സിദ്ദീഖും (റ) മാലാഖയും
4. ഫാത്തിമ (റ), പരലോകത്തിനു വേണ്‍ടി അങ്ങയെ വിട്ടു പൊയി, തിരിച്ച് ഇഹലോകവുമായി വന്നു.
5. ഉബയ് ഇബിന്‍ ക'അബ്(റ) പറഞ്ഞു, "അതാണു തഖ്വ്'വ"
6. അബു ദര്‍ ഗിഫാറി(റ) പറഞ്ഞു."ഈ ഭവനത്തിന്‍റ്റെ ഉടമസ്തന്‍ നമ്മളെ എക്കാലവും ഇതില്‍ താമസിക്കുവാന്‍ അനുവദിക്കില്ല."
7. "അബു ഹുറയ്റ എങ്ങനെ വളരെയധികം ഹദീസുകള്‍ നിവേദനം ചെയ്യുന്നു?"
8. അബു അല്‍ ഹസന്‍റ്റെ [അലി ബിന്‍ അബിത്വാലിബ്(റ)] അറിവ്

9. സല്‍മാന്‍ അല്‍ ഫാരിസിയുമായി(റ) അല്‍പനേരം - ഭാഗം 1
10. സല്‍മാന്‍ അല്‍ ഫാരിസിയുമായി(റ) അല്‍പനേരം - ഭാഗം 2
11. സല്‍മാന്‍ അല്‍ ഫാരിസിയുമായി(റ) അല്‍പനേരം - ഭാഗം 3 (അവസാനിച്ചു.)
12. അബു ഹുറയ്റ(റ)യ്ക്ക് എങ്ങനെ ആ പേരു കിട്ടി?

"എന്തിനാണു്‌ അബു ഹുറയ്റ കരയുന്നതു്‌?"


അബു ഹുറയ്റ (റ), തിഹാമയില്‍ കുറേ നാള്‍ താമസിച്ചു. ഹിജ്ര ഏഴാം വര്‍ഷത്തിന്‍റ്റെ തുടക്കത്തിലാണു അദ്ദേഹം മദീനയില്‍ എത്തിചേര്‍ന്നത്. കൂടെ അദ്ദേഹത്തിന്‍റ്റെ ഗോത്രവും ഉന്‍ടായിരുന്നു. റസൂല്‍ (സ) കയ്ബറില്‍ പോയ സമയമായിരുന്നു അത്. അബു ഹുറയ്റ (റ), അഹല്‍ സുഫ്ഫ യിലെ മറ്റുള്ളവരോടൊപ്പം പ്രവാചകന്‍ വരുന്നതും കാത്തു താമസിചു.

അബു ഹുറയ്റ (റ) ഒറ്റയ്ക്കായിരുന്നു. അവിവാഹിതന്‍. കൂടെ തന്‍റ്റെ ഉമ്മ മാത്രം. അബു ഹുറയ്റ (റ) യുടെ ഉമ്മ അപ്പോഴും മുസ്ലിമായിരുന്നില്ല. തന്‍റ്റെ ഉമ്മ മുസ്ലിമാകുവാന്‍ അബു ഹുറയ്റ (റ) അങേയറ്റം ആഗ്രഹിച്ചിരുന്നു. അതിനു വേന്‍ടി അദ്ദേഹം ഒരുപാട് പ്രാര്‍ധിക്കുകയും, ശ്രമിക്കുകയും ചെയ്തു. പക്ഷേ അദ്ദേഹത്തിന്‍റ്റെ ഉമ്മ എല്ലാതവണയും അതിനെ നിഷിതമായി എതിര്‍ത്തു.

ഒരു ദിവസം, അബു ഹുറയ്റ (റ) പതിവു പോലെ, തന്‍റ്റെ മാതാവിനെ ഇസ്ലാമിലേക്കു ക്ഷണിച്ചു. അല്ലാഹുവില്‍ മാത്രം വിഷ്വസിക്കുവാനും, പ്രവാചകനെ (സ) പിന്തുടരുവാനും, അദ്ദേഹം തന്‍റ്റെ മാതാവിനോടു അപേക്ഷിച്ചു. പക്ഷേ, അവര്‍ അതിനെ എതിര്‍ക്കുകയും, പ്രവാചകനെ (സ) അവഹേളിച്ചു സംസാരിക്കുകയും ചെയ്തു.

നിറഞ്ഞ കണ്ണുകളോടുകൂടി അബു ഹുറയ്റ(റ), പ്രവാചകന്‍റ്റെ (സ) അടുക്കല്‍ ചെന്നു. "എന്തിനാണു്‌ അബു ഹുറയ്റ കരയുന്നതു്‌?", പ്രവാചകന്‍ ചോദിച്ചു."ഞാന്‍ എന്‍റ്റെ ഉമ്മയെ സ്തിരമായി ഇസ്ലാമിലേക്കു ക്ഷണിക്കുന്നു. പക്ഷേ, എന്‍റ്റെ ഉമ്മ എപ്പൊഴും അതിനെ നിരസിക്കുന്നു. ഇന്നു ഞാന്‍ എന്‍റ്റെ ഉമ്മയെ വീന്‍ടും ഇസ്ലാമിലേക്കു ക്ഷണിച്ചു. പക്ഷേ എന്‍റ്റെ മനസ്സിന്നു വിഷമം വരുന്ന കാര്യങളാണു എന്‍റ്റെ ഉമ്മ എന്നോടു പറഞ്ഞത്. അബു ഹുറയ്റയുടെ ഉമ്മയുടെ മനസ്സിനെ ഇസ്ലാമിലേക്കു ചായ്ക്കുവാന്‍ അല്ലാഹുവിനോടു അങു്‌ ദയവു ചെയ്തു പ്രാര്‍ധിച്ചാലും." പ്രവാചകന്‍ (സ), അബു ഹുറയ്റയുടെ അഭ്യര്‍തന സ്വീകരിക്കുകയും, അല്ലാഹുവിനോടു അപ്രകാരം പ്രാര്‍ധിക്കുകയും ചെയ്തു.

അബു ഹുറയ്റ (റ) പറഞ്ഞു, "അതിനു ശേഷം ഞാന്‍ വീട്ടില്‍ ചെന്നു. വാതില്‍ അടഞ്ഞു കിടക്കുകയായിരുന്നു. അകത്ത് വെള്ളം ഒഴുകുന്ന ശബ്ദം ഞാന്‍ കേട്ടു. ഞാന്‍ അകത്ത് കയറുവാന്‍ ശ്രമിച്ചപ്പോള്‍ എന്‍റ്റെ ഉമ്മ എന്നൊടു ഇപ്രകാരം പറഞു. "അബു ഹുറയ്റ അവിടെ നില്ക്കുക!" അല്പ സമയത്തിന്നു ശേഷം എന്നോട് അകത്തു കയറി ചെല്ലുവാന്‍ പറഞ്ഞു. എന്നിട്ട് എന്നോടു ഇപ്രകാരം പറഞ്ഞു."ആരാധനയ്ക്കു അര്‍ഹന്‍ അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്നും, മുഹമ്മദ് നബി അല്ലാഹുവിന്‍റ്റെ പ്രവ്വാചകനും അടിമയുമാണെന്നും ഞാന്‍ സാക്‌ഷ്യം വഹിക്കുന്നു."

സന്തോഷം നിറഞ്ഞ മനസ്സുമ്മായി ഞാന്‍ പ്രവാചകന്‍റ്റെ അടുക്കലേക്കു തിരിച്ചു ചെന്നു. എന്നിട്ടു ഇപ്രകാരം പറഞു. "സ്വന്തോഷ വാര്‍ത്ത, അല്ലാഹുവിന്‍റ്റെ പ്രവാചകനെ. അല്ലാഹു അങയുടെ പ്രാര്‍തന്യ്ക്കു ഉത്തരം നല്കിയിരിക്കുന്നു. അല്ലാഹു, അബു ഹുറയ്റയുടെ ഉമ്മയെ ഇസ്ലാമിലേക്ക് തിരിചു.

Sources:
http://www.witness-pioneer.org/vil/Articles/companion/abu_hurayrah.htm
http://www.sahaba.net/modules.php?name=News&file=article&sid=154

Saturday 23 June 2007

സ്വഹാബികള്‍

ഇതു അപൂര്‍ണം...
ഇതില്‍ മുഴുവന്‍ സഹാബികളുടെയും പേരില്ല.

അബൂബക്കര്‍ സിദ്ദീഖ് (റ)
ഉമര്‍ ഫാറുഖ് (റ)
അനസ് ഇബിന്‍ മാലിക് (റ)
അബ്ദുല്ലാഹ് ഇബിന്‍ ആബ്ബാസ് (റ)
അബ്ദുല്ലാഹ് ഇബിന്‍ ഹുധഫ അസ്-സഹ്മി (റ)
അബ്ദുല്ലാഹ് ഇബിന്‍ ജഹ്ഷ് (റ)
അബ്ദുല്ലാഹ് ഇബിന്‍ മസൂദ് (റ)
അബ്ദുല്ലാഹ് ഇബിന്‍ സൈലം (റ)
അബ്ദുല്ലാഹ് ഇബിന്‍ ഉമര്‍ (റ)
അബ്ദുല്ലാഹ് ഇബിന്‍ ഉമ്മ് മക്തൂം (റ)

അബ്ദുര്‍ റഹ്മാന്‍ ഇബിന്‍ അവ്വല്‍ (റ)
അബൂ അയ്യുബ് അല്‍ അന്‍സാരി (റ)
അബൂദര്‍ അല്‍ ഗിഫാരി (റ)
അബൂ ദുജാന (റ)
അബൂ ഹുറയ്റ (റ)
അബൂ മൂസ അല്‍ അഷാരി (റ)
അബൂ സുഫ്യാന്‍ ഇബിന്‍ അല്‍ ഹാരിത് (റ)
അബൂ ഉബയ്ദ ഇബിന്‍ അല്‍ ജര്റ (റ)
അബൂ'ദ് ദറ്ദാ (റ)
അബു-ല്‍ ആസ് ഇബിന്‍ അറ്-റബിആഹ് (റ)
അദിയ്യ് ഇബിന്‍ ഹാതിം (റ)
അല്‍ ബറാ ഇബിന്‍ മലില്‍ അല്‍ അന്‍സാരി (റ)
അമര്‍ ഇബിന്‍ അല്‍ ജമുഹ് (റ)
അന്‍ നുഅയ്മന്‍ ഇബിന്‍ അമര്‍ (റ)
അന്‍ നുമന്‍ ഇബിന്‍ മുഖറിന്‍ (റ)
അദ് തുഫ്‌യല്‍ ഇബിന്‍ അമര്‍ അദ് ദവ്സി (റ)
ഹബീബ് ഇബിന്‍ സയ്ദ് അല്‍ അന്‍സാരി (റ)
ഹക്കീം ഇബിന്‍ ഹസം (റ)
ഹുദയ്ഫ ഇബിന്‍ അല്‍ യമന്‍ (റ)
ഇക്രിമ ഇബിന്‍ അബീ ജഹല്‍ (റ)
ജാഫര്‍ ഇബിന്‍ അബീ താലിബ് (റ)
ജുലയ്ബിബ് (റ)
ഖബ്ബാബ് ഇബിന്‍ അല്‍ അരാത് (റ)
മു'അദ് ഇബിന്‍ ജബല്‍ (റ)
മുഹമ്മദ് ഇബിന്‍ മസ്ലമഹ് (റ)
മുസാബ് ഇബിന്‍ ഉമയ്‌ര്‍ (റ)
നുഅയം ഇബിന്‍ മസൂദ് (റ)
റബിഅ ഇബിന്‍ ക്'അബ് (റ)
സ്വാദ് ഇബിന്‍ അബീ വഖ്ഖാസ് (റ)
സൈദ് ഇബിന്‍ ആമിര്‍ അല്‍ ജുമഹി (റ)
സൈദ് ഇബിന്‍ സ്വയ്ദ് (റ)
സലിം മൌല അബി ഹുദയ്ഫ (റ)
സല്‍മാന്‍ അല്‍ ഫാര്സി (റ)
സുഹയ്ബ് അര്‍ റൂമി (റ)
സുഹയ്‌ല്‍ ഇബിന്‍ അമര്‍ (റ)
തല്‍ഹ ഇബിന്‍ ഉബയ്ദുല്ലാ (റ)
താബിത് ഇബിന്‍ ഖയ്സ് (റ)
തുമാമ ഇബിന്‍ ഉതല്‍ (റ)
ഉബയ്യ് ഇബിന്‍ ക്'അബ് (റ)
ഉമയര്‍ ഇബിന്‍ സ്വാദ് അല്‍ അന്‍സാരി (റ)
ഉമയര്‍ ഇബിന്‍ വഹ്ബ് (റ)
ഉഖ്ബ ഇബിന്‍ ആമിര്‍ (റ)
ഉത്ബ ഇബിന്‍ ഗസ്വാന്‍ (റ)
ഉത്മാന്‍ ഇബിന്‍ അഫ്ഫാന്‍ (റ)
സയ്ദ് അല്‍ ഖയര്‍ (റ)

തുsക്കം

ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം. പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റ്റെ നാമത്തില്‍. ആരാധനയ്ക്കര്‍ഹന്‍ അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്നും, മുഹമ്മദ് നബി അല്ലാഹുവിന്‍റ്റെ പ്രവാചകനും, അടിമയുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.
സുഭ്ഹാനല്ലാ, ആരാണു സഹാബാക്കള്‍?സഹാബാക്കളുടെ ചരിത്രം എത്ര മുസ്ലിമുകള്ക്ക് അറിയാം ?ഒരു മുസ്ലീമിന്‍റ്റെ അടുത്ത്, ഒരു സിനിമാ താരത്തെ കുറിചോ, ഒരു കായിക താരത്തെ കുറിചോ ചോദിച്ചാല്‍ അവര്‍ ഉടനെ ഉത്തരം നല്കും, മാത്രവുമല്ല ആരെ കുറിച്ചാണോ ചോദിചത്, ആ ആളിന്‍റ്റെ മുഴുവന്‍ ജീവിത ചരിത്രവും നമുക്കു പറഞ്ഞു തരികയും ചെയ്യും.
പക്ഷേ നമ്മള്‍ ഒരു മുസ്ലിമ്മിന്‍റ്റെ അടുത്ത് ഒരു സഹാബിയെ കുറിചു ചോദിച്ചാല്‍ അവര്‍ക്കുത്തരം മുട്ടും, മാത്രവുമല്ല ആരേ കുറിച്ചാണോ ചോദിചത്, അദ്ദേഹത്തെ കുറിചു കേട്ടിട്ടു കൂടി ഇല്ലായിരിക്കാം.
എത്ര പരിതാപകരമായ അവസ്ത. ഒന്നു ചിന്തിചു നോക്കുക, അല്ലാഹുവിന്‍റ്റെ പ്രവാചകനെ അക്ഷരം പ്രതി പിന്‍ പറ്റുകയും, റസൂല്‍ സ്വല്ലല്ലാഹു അലയ്ഹി വസല്ലമയുടെ സുന്നത്ത് നമുക്കു പകര്‍ന്നു നല്കുകയും ചെയ്ത സമൂഹം.
അവരെ കുറിച്ച് നമുക്കു എങ്ങനെ മറക്കാന്‍ കഴിയും. അവരില്‍ നമുക്ക് ഉത്തമമായ മാത്രുകയുണ്ട്. അവരെ കുറിച്ച് പഠിക്കും തോറും, നമുക്കു അവരോടുള്ള സ്നേഹം വര്‍ധിക്കും. നേരെ മറിച്ച് ഒരു സിനിമാ താരത്തെ കുറിച്ചോ, ഒരു കായിക താരത്തെ കുറിച്ചോ നമ്മള്‍ പഠിക്കും തോറും, അവരോടുള്ള നമ്മുടെ സ്നേഹം കുറയുന്നതായി കാണാം.
ഇന്‍ഷാ അല്ലാഹ്‌.സഹാബാക്കളുടെ ജീവിതത്തിലെ സംഭവങ്ങള്‍ മലയാളത്തില്‍, ഈ ബ്ലൊഗിലൂടെ പ്രസിധീകരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതു നല്ല രീതിയില്‍ പൂര്‍ത്തീകരിക്കുവാന്‍ അല്ലാഹു എന്നെ അനുഗ്രഹിക്കട്ടെ. ആമീന്‍. ഇതു മറ്റുളവര്‍ക്കു ഉപകാരപ്രധമാകട്ടെ എന്നു ഞാന്‍ പ്രാര്‍ധിക്കുന്നു. ആമീന്‍.




അക്ഷരതെറ്റുകള്‍ക്കു മാപ്പ്...


നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ എഴുതാന്‍ മറക്കരുതേ...