Sunday 23 November 2008

സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 12


പ്രവാചകന്‍(സ്വ) അപ്പോള്‍ അല്‍ ബാഖിയെന്ന സ്ഥലത്തായിരുന്നു. അദ്ദേഹം(സ്വ) ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. റസൂലുല്ലായുടെ കഴുത്തിനു പിറകിലുള്ള അന്ത്യ പ്രവാചകന്‍റ്റെ അടയാളം കണ്ടുപിടിക്കുകയെന്നതായിരുന്നു എന്‍റ്റെ ലക്ഷ്യം. ഞാന്‍ റസൂലുല്ലായെ(സ്വ) പിന്തുടര്‍ന്നു. റസൂലുല്ല(സ്വ) രണ്ടു വസ്ത്രം ധരിച്ചിരുന്നു. അദ്ദേഹം(സ്വ) ഒരു വസ്ത്രം ധരിക്കുകയും, രണ്ടാമത്തെ വസ്ത്രം കൊണ്ട് ശരീരത്തിന്‍റ്റെ മുകള്‍ ഭാഗം മറയ്ക്കുകയും ചെയ്തു. ഞാന്‍ റസൂലുല്ലായുടെ(സ്വ) കഴുത്തിനു പിറകിലുള്ള അടയാളം കാണുവാന്‍ ശ്രമിച്ചു. പക്ഷേ അദ്ദേഹത്തിന്‍റ്റെ(സ്വ) വസ്ത്രം അത് മറച്ചിരുന്നു.

എന്‍റ്റെ ലക്ഷ്യം മനസ്സിലാക്കിയ റസൂലുള്ള(സ്വ), തന്‍റ്റെ മുകള്‍ വസ്ത്രം താഴ്ത്തി ആ അടയാളം എനിക്കു കാണിച്ചു തന്നു. എന്നിട്ട് റസൂലുള്ള(സ്വ) എന്നോട് ചോദിച്ചു, "ഇപ്പോള്‍ താങ്കള്‍ക്ക് ബോധ്യമായില്ലേ?, ഇതാണ്‌ മൂന്നാമത്തെ അടയാളം."

അതു കണ്ട് എന്‍റ്റെ കണ്ണു നിറഞ്ഞു. ഞാന്‍ അദ്ദേഹത്തെ(സ്വ) കെട്ടിപ്പിടിച്ചു കൊണ്ട് കരയുവാന്‍ തുടങ്ങി. അദ്ദേഹം(സ്വ) എന്നെ അടുത്തു പിടിച്ചിരുത്തി. ഞാന്‍ എന്‍റ്റെ ജീവിതയാത്ര അദ്ദേഹത്തിനു(സ്വ) വിവരിച്ചു കൊടുത്തു. അതിനു ശേഷം ഞാന്‍ ഇസ്ലാം സ്വീകരിച്ചു.

[തുടരും...]

അടുത്ത അധ്യായത്തിലേയ്ക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Thursday 16 October 2008

സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 11

അടുത്ത ദിവസം വൈകുന്നേരം അദ്ദേഹം വീണ്ടും ഖുബായിലേയ്ക്കു യാത്ര തിരിച്ചു. ഇത്തവണയും അദ്ദേഹം ഭക്ഷണവുമായിട്ടാണ്‌ ഖുബായിലേയ്ക്കു പോയത്. സല്‍മാന്‍ അല്‍ ഫാരിസി(റ) നേരെ പ്രവാചകന്‍റ്റെ അടുക്കലേയ്ക്ക് ചെന്നു. എന്നിട്ട് അദ്ദേഹം ആ ഭക്ഷണം പ്രവാചകന്‌(സ്വ) സമ്മാനമായി നല്‍കി.

അദ്ദേഹം പ്രവാചകനോടായി ഇപ്പ്രകാരം പറഞ്ഞു, "അങ്ങ്‌ ദാനം കിട്ടിയത്‌ സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കില്ല എന്ന് എനിക്കു മനസ്സിലായി. അതിനാല്‍ താങ്കള്‍ ഇത് സമ്മാനമായി സ്വീകരിച്ചാലും." സല്‍മാന്‍ അല്‍ ഫാരിസി(റ) നോക്കി നില്‍ക്കെ റസൂലുള്ളാ(സ്വ) തന്‍റ്റെ സഹാബാക്കളോടൊപ്പം അത് ഭക്ഷിച്ചു. "അങ്ങനെ രണ്ടാമത്തെ അടയാളവും സത്യമായി!" സല്‍മാന്‍ അല്‍ ഫാരിസി(റ) തന്നോടായി പറഞ്ഞു.

സല്‍മാന്‍ അല്‍ ഫാരിസി(റ) അവിടെ നിന്നും വീട്ടിലേയ്ക്കു തിരിച്ചു പോയി. അദ്ദേഹത്തിന്‌ പ്രവാചകന്‍റ്റെ മൂന്നാമത്തെ അടയാളവും ശരിയാണോയെന്ന് നോക്കണമായിരുന്നു. അതിനായി അദ്ദേഹം മറ്റൊരുദിവസം വീണ്ടും ഖുബായിലേയ്ക്ക് യാത്ര തിരിച്ചു.

പ്രവാചകന്‍ ഒരു മരണ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു.

[തുടരും...]

അടുത്ത അധ്യായത്തിലേയ്ക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Monday 13 October 2008

സുജൂദ് വര്‍ദ്ധിപ്പിക്കുക


ഉബാദത്ത്ബ്നു സ്വാമിത്ത്(റ)ല്‍ നിന്നും.
റസൂലുല്ലാഹ് (സ്വ) പറയുന്നത് അദ്ദേഹം കേട്ടു.
"അല്ലാഹുവിനു വേണ്ടി സുജൂദ് ചെയ്യുന്ന ഒരു അടിമയ്ക്ക്, അക്കാരണം കൊണ്ട് അല്ലാഹു ഒരു നന്മ രേഖപ്പെടുത്താതിരിക്കില്ല. അവന്‍റ്റെ ഒരു തിന്മ മായ്ച്ചുകളയുകയും ചെയ്യും. ഒപ്പം ഒരു പദവി ഉയര്‍ത്തുകയും ചെയ്യുന്നതാണ്. അതിനാല്‍ നിങ്ങള്‍ സുജൂദ് വര്‍ദ്ധിപ്പിക്കുക"
(ഇബ്നുമാജ).

Friday 25 April 2008

സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 10


സല്‍മാന്‍ അല്‍ ഫാരിസി (റ) നേരം വൈകുന്നതും കാത്തിരുന്നു. പ്രവാചകന്‍റ്റെ ആഗമനത്തെ
കുറിച്ച് ആ പുരോഹിതന്‍ പറഞ്ഞ വാക്കുകളായിരുന്നു സല്‍മാന്‍ അല്‍ ഫാരിസിയുടെ(റ) മനസ്സ് മുഴുവനും. അദ്ദേഹത്തിന്‌ ആ പ്രവാചകനെ കാണുവാന്‍ തിടുക്കമായി.
പുരോഹിതന്‍ പറഞ്ഞു
തന്ന ലക്ഷണങ്ങള്‍ ആ പ്രവാചകനിലുണ്ടോ എന്ന്‌ ആദ്യം മനസ്സിലാക്കണം.

അങ്ങനെ നേരം ഇരുട്ടി. അദ്ദേഹം കുറച്ചു ഈന്തപ്പഴവും കൊണ്ട് ഖുബയിലേയ്ക്ക് യാത്ര തിരിച്ചു. ആ പ്രാവചകനെ കുറിച്ചുള്ള ചിന്തയായിരുന്നു മനസ്സ് മുഴുവനും.
അല്ലാഹുവിന്‍റ്റെ പ്രവാചകനും, സ്രിഷ്ടികളില്‍ വച്ച് ഏറ്റവും ഉന്നതനുമായ മനുഷ്യനെയാണ്‌ സല്‍മാന്‍ അല്‍ ഫാരിസി(റ) കാണുവാന്‍ യാത്ര തിരിച്ചിരിക്കുന്നത്‌.

വളരെ നാളുകളായി തുടങ്ങിയ സത്യന്വേഷണത്തിനായിയുള്ള യാത്രയാണ്. സല്‍മാന്‍ അല്‍ ഫാരിസി(റ) പല സ്ഥലങ്ങളിലും സഞ്ചരിച്ചു. ഒടുവിലിതാ അദ്ദേഹത്തിന്‍റ്റെ യാത്ര അല്ലാഹുവിന്‍റ്റെ അന്ത്യ പ്രവാചകന്‍റ്റെ മുന്‍പില്‍ എത്തിച്ചേര്‍ന്നു.

സല്‍മാന്‍ അല്‍ ഫാരിസി(റ) ഖുബായില്‍ എത്തിച്ചേര്‍ന്നു. അദ്ദേഹം നേരെ റസൂലുല്ലായുടെ(സ്വ) അടുക്കലേയ്ക്ക് ചെന്നു. അപ്പോള്‍ റസൂലുല്ലായോടൊപ്പം ചില സഹാബാക്കളും ഉണ്ടായിരുന്നു.

സല്‍മാന്‍ അല്‍ ഫാരിസി(റ) അവരോട് പറഞ്ഞു, "നിങ്ങള്‍ യാത്രക്കാരാണെന്ന് എനിക്ക് മനസ്സിലായി. നിങ്ങള്‍ക്ക് ഭക്ഷണത്തിന്‌ ആവശ്യമുള്ളതായി ഞാന്‍ കരുതുന്നു. അതിനാല്‍ എന്നില്‍ നിന്നും ഇതു ദാനമായി സ്വീകരിച്ചാലും".

സല്‍മാന്‍ അല്‍ ഫാരിസി(റ), താന്‍ കൊണ്ടുവന്ന ഭക്ഷണം അവര്‍ക്കു നല്‍കി. റസൂലുല്ലാഹ്(സ്വ) എപ്പ്രകാരമാണ്‌ പ്രതികരിക്കുന്നതെന്ന്‌ സല്‍മാന്‍ അല്‍ ഫാരിസി(റ) ശ്രദ്ധിച്ചു. റസൂലുല്ലാഹ്(സ്വ) തന്‍റ്റെ സഹാബാക്കളെ ഭക്ഷണം കഴിക്കുവാനായി ക്ഷണിച്ചു. പക്ഷേ, സല്‍മാന്‍ അല്‍ ഫാരിസിയെ
ആശ്ചര്യപ്പെടുത്തിക്കൊണ്ട് റസൂലുല്ലാഹ്(സ്വ) അതില്‍നിന്നും ഒന്നും കഴിച്ചില്ല.
സല്‍മാന്‍ അല്‍ ഫാരിസി(റ) തന്നോടായി പറഞ്ഞു, "ആ പുരോഹിതന്‍ പറഞ്ഞ ആദ്യത്തെ അടയാളം ശരിയായി. അദ്ദേഹം(സ്വ) ദാനമായി ലഭിക്കുന്നത്‌ സ്വന്തം ആവിശ്യത്തിനായി ഉപയോഗിക്കില്ല."

സല്‍മാന്‍ അല്‍ ഫാരിസി(റ) അവിടെ നിന്നും തിരിച്ചു വീട്ടിലേയ്ക്ക് യാത്ര ചെയ്തു. അടുത്ത ദിവസം ഖുബയിലേയ്ക്കു വീണ്ടും തിരിച്ചു വരാന്‍ അദ്ദേഹം തീരുമാനിച്ചു.

[തുടരും...]

Monday 21 April 2008

സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 09


ഒരു ദിവസം സല്‍മാന്‍ അല്‍ ഫാരിസിയുടെ (റ) മുതലാളിയുടെ ബന്ധു അവിടെ വന്നു. മദീനയിലെ 'ബനി ഖുറയ്ദ' എന്ന ഗോത്രത്തില്‍പ്പെട്ട ആളായിരുന്നു അയാള്‍. അയാള്‍
സല്‍മാന്‍ അല്‍ ഫാരിസിയെ(റ) വിലയ്ക്ക് വാങ്ങി മദീനയിലേയ്ക്ക് കൊണ്ടു പോയി.

"അയാള്‍ എന്നെ മദീനയിലേയ്ക്ക് കൊണ്ടു പോയി. അല്ലാഹുവാണെ, ആ സ്ഥലം (മദീന) ആദ്യം കണ്ടപ്പോള്‍ തന്നെ എനിക്കു മനസ്സിലായി ഇതാണ്‌ ആ പുരോഹിതന്‍ പറഞ്ഞ സ്ഥലമെന്ന്".

"അല്ലാഹു പ്രവാചകനെ അയച്ചു. ആ പ്രവാചകന്‍ (സ്വ) മക്കയിലായിരുന്നു. അവിടെ നിന്നും അദ്ദേഹം മദീനയിലേയ്ക്ക് പാലായനം ചെയ്തു. പക്ഷേ ഞാന്‍ ഈ സംഭവങ്ങള്‍ ഒന്നും തന്നെ അറിഞ്ഞിരുന്നില്ല. ദിവസവും മുഴുവനും എനിക്കു പണിയെടുക്കണം. അതു കാരണം പുറം ലോകവുമായി എനിക്കു യാതൊരു ബന്ധവുമില്ലായിരുന്നു."

"ഒരു ദിവസം ഞാന്‍ പതിവു പോലെ പണിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ഞാന്‍ ഒരു ഈന്തപ്പനയുടെ മുകളിലായിരുന്നു. എന്‍റ്റെ മുതലാളി അതിന്‍റ്റെ ചുവട്ടില്‍ ഇരിക്കുകയായിരുന്നു. ആ സമയത്ത്‌ അയാളുടെ ഒരു ബന്ധു അവിടെയെത്തി.
അയാള്‍ പറഞ്ഞു, "ബനി ഖീലയിലെ ആളുകള്‍ നശിക്കട്ടെ!. മക്കയില്‍ നിന്നും അല്ലാഹുവിന്‍റ്റെ പ്രവാചകനാണെന്നും പറഞ്ഞ് പാലായണം ചെയ്ത ഒരാളെ സ്വീകരിക്കുവാന്‍ വേണ്ടി അവരെല്ലാവരും കുബ എന്ന സ്ഥലത്ത് ഒത്തുകൂടിയിരിക്കുകയാണ്".

ഇതു കേട്ട ഞാന്‍ ഞെട്ടി. ഒരു നിമിഷത്തേയ്ക്ക് മരത്തില്‍ നിന്നും എന്‍റ്റെ പിടിവിട്ടു. ഞാന്‍ താഴെ ഇരുന്ന എന്‍റ്റെ മുതലാളിയുടെ പുറത്തേയ്ക്ക് വീണേനെ. ഞാന്‍ മരത്തില്‍ നിന്നും താഴേയ്ക്കിറങ്ങി. എന്നിട്ട് അവിടെ വന്ന അയാളോടായി ചോദിച്ചു, "എന്താണ്‌ നിങ്ങള്‍ ഇപ്പോള്‍ പറഞ്ഞത്?, എന്താണ്‌ നിങ്ങള്‍ ഇപ്പോള്‍ പറഞ്ഞത്?,"

ഇതു കണ്ട എന്‍റ്റെ മുതലാളിയ്ക്ക് വളരെയധികം ദേഷ്യം വന്നു. അയാള്‍ എന്നെ അടിച്ച് അവിടെ നിന്നും അകറ്റി. അന്ന് വൈകുന്നേരം, കുബയില്‍ വന്നിരിക്കുന്ന അല്ലാഹുവിന്‍റ്റെ ആ പ്രവാചകനെ പോയി കാണുവാന്‍ ഞാന്‍ തീരുമാനിച്ചു. എന്‍റ്റെ മുതലാളി അറിയാതെ വേണം പോകുവാന്‍.
[തുടരും...]

Saturday 19 April 2008

സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 08


സല്‍മാന്‍ അല്‍ ഫാരിസി(റ) അമൂരിയയിലെത്തിച്ചേര്‍ന്നു. അദ്ദേഹം(റ) അവിടുത്തെ പുരോഹിതനോടൊപ്പം താമസിച്ചു പോന്നു. അവിടെ വച്ച് അദ്ദേഹം ജോലി ചെയ്ത് കുറച്ചു ധനം സംബാധിച്ചു. കുറച്ചു നാളുകള്‍ക്ക് ശേഷം ആ പുരോഹിതനും മരണപ്പെട്ടു.

തനിക്ക് പിന്തുടരുവാന്‍ പറ്റിയ അടുത്തയാള്‍ ആരാണെന്ന് സല്‍മാന്‍ അല്‍ ഫാരിസി (റ) അദ്ദേഹത്തോട് മരണത്തിനു മുന്‍പായി ആരാഞ്ഞിരുന്നു. പക്ഷേ, സല്‍മാന്‍ അല്‍ ഫാരിസിയ്ക്ക്(റ) ഇത്തവണ മറ്റൊരു
മറുപടിയാണ്‌ ആ പുരോഹിതനില്‍ നിന്നും ലഭിച്ചത്.

ആ പുരോഹിതന്‍ പറഞ്ഞു, "എനിക്ക് മറ്റാരേയും അറിയില്ല. പക്ഷേ ഒരു പ്രവാചകന്‍റ്റെ ആഗമനത്തിന്‌ സമയമായിരിക്കുന്നതായി ഞാന്‍ മനസ്സിലാക്കുന്നു. ആ പ്രവാചകന്‍ ഇബ്രാഹീമിന്‍റ്റെ (അ) [ഏബ്രഹാം] അതേ മതത്തെ പിന്തുടരുന്ന ആളായിരിക്കും. അദ്ദേഹം അറേബ്യയില്‍ നിന്നുമായിരിക്കും വരിക. അദ്ദേഹം മറ്റൊരു നാട്ടിലേയ്ക്ക് പാലായണം ചെയ്യും. ആ സ്ഥലം കറുത്ത പാറകളാല്‍ ചുറ്റപ്പെട്ടതായിരിക്കും. ഈന്തപനകളാല്‍ നിറഞ്ഞ സ്ഥലമായിരിക്കും അത്. ആ പ്രവാചകനെ ചില അടയാളങ്ങള്‍ കൊണ്ട് മനസ്സിലാക്കുവാന്‍ കഴിയും. അദ്ദേഹത്തിന്‌ സമ്മാനമായി ലഭിക്കുന്ന ഭക്ഷണത്തില്‍നിന്നും അദ്ദേഹം കഴിക്കും. പക്ഷേ ദാനമായി ലഭിച്ചതില്‍ നിന്നും അദ്ദേഹം കഴിക്കില്ല. അദ്ദേഹത്തിന്‍റ്റെ തോളുകള്‍ക്കിടയില്‍ അവസാനത്തെ പ്രവാചകന്‍റ്റെ അടയാളം
കാണാം. നിങ്ങള്‍ക്ക് ആ സ്ഥലത്തേയ്ക്ക് പോകുവാന്‍ കഴിയുമെങ്കില്‍ അങ്ങോട്ട് പോകുക".

ആ പുരോഹിതനും മരണപെട്ടു. സല്‍മാന്‍ അല്‍ ഫാരിസി(റ) കുറച്ചുനാള്‍ അമൂരിയയില്‍ തന്നെ താമസിച്ചു.

"ഒരു ദിവസം 'കല്‍ബ്' എന്ന ഗോത്രത്തില്‍പ്പെട്ട ഒരു കച്ചവട സംഘത്തെ ഞാന്‍ കണ്ടുമുട്ടി. (കല്‍ബ് - അറേബ്യയിലെ ഒരു ഗോത്രം). ഞാന്‍ അവരോട് പറഞ്ഞു. എന്നെ അറേബ്യയില്‍ എത്തിക്കുക. പകരം ഞാന്‍ എന്‍റ്റെ സംബാദ്യം നിങ്ങള്‍ക്ക് തരാം. അവര്‍ അതിനു സമ്മതിച്ചു. അങ്ങനെ ഞാന്‍ അവരോടൊപ്പം അറേബ്യയിലേയ്ക്ക് യാത്ര തിരിച്ചു. പക്ഷേ അവരുടെ ഉദ്ദേശ്യം മറ്റൊന്നായിരുന്നു. 'വാതി അല്‍ ഖുറ' (മദീനയുടെ അടുത്തുള്ള ഒരു സ്ഥലം) എന്ന സ്ഥലത്ത് എത്തിയപ്പോള്‍ അവര്‍ എന്നെ ഒരു ജൂതന്‌ അടിമയായി വിറ്റു."

അങ്ങനെ സല്‍മാന്‍ അല്‍ ഫാരിസി(റ) അവിടെ താമസിച്ചു പോന്നു. അവിടെ ധാരാളം ഈന്തപനകളുണ്ടായിരുന്നു. "ഇതായിരിക്കും ആ പുരോഹിതന്‍ പറഞ്ഞ സ്ഥലം", സല്‍മാന്‍ അല്‍ ഫാരിസി(റ) വിചാരിച്ചു.

[തുടരും...]

അടുത്ത അധ്യായത്തിലേയ്ക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Sunday 23 March 2008

സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 07


സല്‍മാന്‍ അല്‍ ഫാരിസി(റ) ഇറാഖിലേയ്ക്ക് യാത്ര തുടങ്ങി. വളരെ വിഷമം പിടിച്ച യാത്രയായിരുന്നു. ഒടുവില്‍ അദ്ദേഹം അല്‍-
മൌസില്‍ എത്തിച്ചേര്‍ന്നു. അദ്ദേഹം അല്‍-മൌസിലെ പുരോഹിതന്‍റ്റെ അടുത്തേയ്ക്കു ചെന്നു. സല്‍മാന്‍ അല്‍ ഫാരിസി(റ) അദ്ദേഹത്തോടു
പറഞ്ഞു, "എന്‍റ്റെ പുരോഹിതന്‍ അദ്ദേഹത്തിന്‍റ്റെ മരണസമയത്ത്‌, എനിക്ക്‌ മതം പഠിക്കുവാനായി താങ്കളുടെ പേരാണ്‌
പറഞ്ഞു തന്നത്. ഞാന്‍ അങ്ങയോടൊപ്പം നില്‍ക്കട്ടെയോ ?

ഇതു കേട്ട ആ പുരോഹിതന്‍, സല്‍മാന്‍ അല്‍ ഫാരിസിയോട്(റ) തന്‍റ്റെയൊപ്പം നില്‍ക്കുവാന്‍ സമ്മതം നല്‍കി. "ആരാധനാ
കര്‍മ്മങ്ങളില്‍ അദ്ദേഹം വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നതായി എനിക്കു കാണുവാന്‍ കഴിഞ്ഞു." പക്ഷേ അദ്ദേഹവും തന്‍റ്റെ മരണത്തിന്‍റ്റെ വക്കിലെത്തി. അങ്ങനെ ഞാന്‍ വീണ്ടും പഴയതുപോലെ ആ പുരോഹിതന്‍റ്റെ അടുക്കല്‍ ചോദിച്ചു. അദ്ദേഹത്തിന്‍റ്റെ മരണശേഷം പിന്‍പറ്റുവാന്‍ അനുയോജ്യനായ ഒരു പുരോഹിതനെ പറ്റി പറയുവാന്‍ സല്‍മാന്‍ അല്‍ഫാരിസി(റ) അദ്ദേഹത്തൊട്‌ ആരാഞ്ഞു.

ഇതു കേട്ട ആ പുരോഹിതന്‍ പറഞ്ഞു, "അല്ലാഹുവാണെ, എനിക്ക് ആരേയും അറിയില്ല, പക്ഷേ ഒരാളൊഴിച്ച്. അദ്ദേഹത്തെ 'നസീബീന്‍' എന്ന
സ്ഥലത്ത് നിങ്ങള്‍ക്ക് കാണുവാന്‍ കഴിയും".

അങ്ങനെ, അദ്ദേഹത്തിന്‍റ്റെ മരണശേഷം, സല്‍മാന്‍ അല്‍ ഫാരിസി (റ), നസീബീനിലേയ്ക്ക് യാത്ര തിരിച്ചു. അദ്ദേഹം കുറച്ചുകാലം ആ പുരോഹിതനോടൊപ്പം നസീബീനില്‍ താമസിച്ചു. പക്ഷേ ആ പുരോഹിതനും തന്‍റ്റെ മരണത്തിന്‍റ്റെ അടുക്കലെത്തി.

അങ്ങനെ ആ പുരോഹിതന്‍റ്റെ ഉപദേശപ്രകാരം സല്‍മാന്‍ അല്‍ ഫാരിസി (റ), അദ്ദേഹത്തിന്‍റ്റെ മരണശേഷം 'അമൂരിയ' എന്ന സ്ഥലത്തേയ്ക്ക് യാത്ര തിരിച്ചു. (അമൂരിയ... റോമന്‍ സാമ്രാജ്യത്തിന്‍റ്റെ കീഴിലുള്ള ഒരു സ്ഥലം).
വീണ്ടും പ്രയാസമേറിയ യാത്ര. പക്ഷേ, സല്‍മാന്‍ അല്‍ ഫാരിസി(റ) തന്‍റ്റെ സത്യാനേഷ്വണത്തില്‍ ഉറച്ചു നിന്നു.

[തുടരും...]

Sunday 3 February 2008

സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 06


അതിനു ശേഷം ജനങ്ങള്‍ മറ്റൊരു പുരോഹിതനെ നിയമിച്ചു. ആരാധനാകര്‍മ്മങ്ങള്‍ മുറപോലെ നിര്‍വഹിച്ചു വന്നതില്‍ അദ്ദേഹത്തെപ്പോലെ മറ്റാരെയും ഞാന്‍ മുന്‍പ്‌ കണ്ടിട്ടില്ല. അദ്ദേഹം
തന്‍റ്റെ ജീവിതത്തിന്‍റ്റെ മുഴുവന്‍ സമയവും അല്ലാഹുവിനായി സമര്‍പ്പിച്ചു. ഈ ലോകത്തിലെ സുഖങ്ങളോട്‌ അദ്ദേഹത്തിന്‌ യാതൊരു താല്‍പ്പര്യവുമില്ലായിരുന്നു. എനിക്ക്‌ അദ്ദേഹത്തെ വളരെയധികം ഇഷ്ടമായി.

വളരെ ലളിതമായ ജീവിതം. എനിക്ക്‌ അദ്ദേഹത്തില്‍ നിന്നും വളരെയധികം അറിവ്‌ കൈവരിക്കുവാന്‍ സാധിച്ചു. പക്ഷേ, അദ്ദേഹം അധികനാള്‍ ജീവിച്ചില്ല. അദ്ദേഹത്തിന്‍റ്റെ മരണ സമയം വരെയും ഞാന്‍ അദ്ദേഹത്തോടൊപ്പം താമസിച്ചു. അദ്ദേഹത്തിന്‍റ്റെ മരണസമയത്ത്‌ ഞാന്‍ അദ്ദേഹത്തിനോട്‌ ഇപ്പ്രകാരം ചോദിച്ചു. "ഞാന്‍ താങ്കളോടൊപ്പം താമസിച്ച്‌
വളരെയധികം അറിവ്‌ നേടി. താങ്കളുടെ മതത്തെ കുറിച്ചു ഞാന്‍ പഠിച്ചു. താങ്കളെ ഞാന്‍ വളരെയധികം സ്നേഹിക്കുന്നു.

ഇപ്പോള്‍ ഇതാ അല്ലാഹുവിന്‍റ്റെ തീരുമാനം അങ്ങയുടെ മേല്‍ വന്നെത്താന്‍ പോകുന്നു (അദ്ദേഹത്തിന്‍റ്റെ മരണം). താങ്കളുടെ കാലശേഷം ഞാന്‍ ആരെ പിന്തുടരും? എന്താണ്‌ ഞാന്‍ ചെയ്യേണ്ടത്‌?
ഇതു കേട്ട പുരോഹിതന്‍ ഇപ്പ്രകാരം പറഞ്ഞു, "അല്ലാഹുവാണെ, ആളുകള്‍ തീര്‍ച്ചയായും നഷ്ടത്തിലാണ്. അവര്‍ മതത്തില്‍ മാറ്റം വരുത്തി. ഈ മതത്തെ അതിന്‍റ്റെ ശരിയായ രീതിയില്‍ പിന്‍പറ്റുന്ന ആരേയും എനിക്കറിയില്ല. എന്നാല്‍ ഒരാള്‍ ഒഴികെ. അദ്ദേഹം 'അല്‍-മൌസില്‍' (ഇറാക്കിലെ ഒരു സ്ഥലം) എന്ന സ്ഥലത്താണുള്ളത്. താങ്കള്‍ക്ക് അദ്ദേഹത്തെ പിന്തുടരാം."

കുറച്ചു ദിവസത്തിനകം അദ്ദേഹവും മരണപ്പെട്ടു. അങ്ങനെ സല്‍മാന്‍ അല്‍ ഫാരിസി(റ) ഇറാക്കിലേയ്ക്ക് യാത്ര തിരിച്ചു.

[തുടരും...]