Sunday 2 September 2007

തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായുടെ ജീവിത ചരിത്രം, അധ്യായം 10

മറ്റൊരവസരത്തില്‍ തല്‍ഹ(റ) കുറച്ചു സ്ഥലം വിറ്റു. അതില്‍ അദ്ദേഹത്തിനു വളരെയധികം ലാഭം ലഭിച്ചു. ഇത്രയുമധികം സംബത്തുകണ്ട് അദ്ദേഹം കരയുവാന്‍ തുടങ്ങി. ഈ സംബത്തുമായി മരണപെട്ടാലുള്ള അവസ്ഥയോര്‍ത്ത് അദ്ദേഹം തളര്‍ന്നു. അദ്ദേഹം തന്‍റ്റെ സുഹ്രുത്തുക്കളെ വിളിച്ചു. അവര്‍ ആ സംബത്തുമായി മദീനയിലെ തെരുവിലൂടെ നടന്നു. അര്‍ഹതപെട്ടവര്‍ക്കെല്ലാം അദ്ദേഹം അതു ദാനം ചെയ്തു. അന്ന് രാത്രി ആയപ്പോള്‍ അദ്ദേഹത്തിന്‍റ്റെ കൈയ്യില്‍ അതില്‍നിന്നും ഒരു ദിര്‍ഹം പോലും അവശേഷിച്ചില്ല.

ജാബിര്‍ ഇബിന്‍ അബ്ദുല്ല(റ) പറഞ്ഞു, "ഒരക്ഷരം പോലും ചോദിക്കാതെ തന്‍റ്റെ സംബത്ത് ദാനം ചെയ്യുന്നതില്‍ തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായല്ലാതെ മറ്റാരെയും ഞാന്‍ കണ്ടിട്ടില്ല." തന്‍റ്റെ ബന്ധുക്കളോട് അദ്ദേഹത്തിന്‌ വളരെയധികം കാരുണ്യമായിരുന്നു. അവര്‍ വളരെയധികമുണ്ടായിരിന്നിട്ടും അദ്ദേഹം ആരുടെ കാര്യത്തിലും അശ്രദ്ധ പുലര്‍ത്തിയില്ല. എല്ലാവരേയും അദ്ദേഹം അളവറ്റ് സഹായിച്ചു. കടക്കാരെ കടത്തില്‍ നിന്നും അദ്ദേഹം രക്ഷിച്ചു. അവിവാഹിതര്‍ക്ക് വിവാഹം കഴിക്കുവാന്‍ അദ്ദേഹം അവരെ സഹായിച്ചു. അനാഥകളെ വളരെയധികം അദ്ദേഹം സ്നേഹിച്ചു.

പ്രവാചകന്‍റ്റെ(സ്വ) മരണശേഷം മുസ്ലീങ്ങള്‍ക്കിടയിലുണ്ടായ ഒരു കലാപത്തിന്‌ തല്‍ഹ(റ) സാക്ഷ്യം വഹിച്ചു. ഉത്മാന്‍ ഇബിന്‍ അഫ്ഫാന്‍(റ) ഖിലാഫത്തു കാലത്തായിരുന്നു അതു സംഭവിച്ചത്‌. ഉത്മാനെതിരില്‍ ചിലയാളുകള്‍ ആരോപണങ്ങള്‍ ഉന്നയിച്ചു. ഒരു സംഖം ആളുകള്‍ അദ്ദേഹത്തെ കൊലപ്പെടുത്തുവാന്‍ തീരുമാനിച്ചു. ഹിജ്ര മുപ്പതിയഞ്ചാം വര്‍ഷമായിരുന്നു അത്‌ സംഭവിച്ചത്‌. ആ ദുര്‍ബുദ്ധികള്‍ ഉത്മാന്‍റ്റെ(റ) വീട് ആക്രമിച്ചു. ഖുറാന്‍ പാരായണം ചെയ്തു കൊണ്ടിരുന്ന അദ്ദേഹത്തെ അവര്‍ വധിച്ചു. ഇസ്ലാമിന്‍റ്റെ ചരിത്രത്തില്‍ വളരെയധികം നടുക്കമുണ്ടാക്കിയ ഒരു സംഭവമായിരുന്നു അത്‌.

ആളുകളുടെ തീരുമാനത്തിനു വഴങ്ങി അലി(റ) അടുത്ത ഖലീഫയാകുവാന്‍ സമ്മതിച്ചു. മുസ്ലീംങ്ങള്‍ അദ്ദേഹത്തിന്‌ പിന്തുണ പ്രഖ്യാപിച്ചു. അക്കൂട്ടത്തില്‍ തല്‍ഹയും(റ), സുബൈര്‍ ഇബിന്‍ അല്‍ അവ്വാമും(റ) ഉണ്ടായിരുന്നു. ഉത്മാന്‍റ്റെ(റ) മരണത്തില്‍ അവര്‍ക്ക് രണ്ട്പേര്‍ക്കും വളരെയധികം വിഷമമുണ്ടായിരുന്നു. കൊലയാളികളെ ഉടനെ തന്നെ കണ്ട്പിടിച്ച് ശിക്ഷിക്കണമെന്ന തീരുമാനത്തില്‍ അവര്‍ ഉറച്ചു നിന്നു. പക്ഷേ ഉത്മാന്‍റ്റെ(റ) മരണത്തിന്‌ ഉത്തരവാതി ഒരാള്‍ മാത്രമായിരുന്നില്ല. അതിനാല്‍ ഉടനെ അവരെ കണ്ടുപിടിച്ച്‌ ശിക്ഷിക്കുക്കയെന്നത് എളുപ്പമായിരുന്നില്ല.

ദിവസം ചെല്ലുംതോറും സ്ഥിതികള്‍ വഷളായി കൊണ്ടിരുന്നു. തല്‍ഹയും(റ) സുബൈറും(റ), അലിയുടെ(റ) സമ്മതപ്രകാരം ഉമ്രയ്ക്ക് പുറപെട്ടു. അവിടെ വച്ച് അവര്‍ പ്രവാചകന്‍റ്റെ(സ്വ) പത്നി, ആയിഷ(റ)യെ കണ്ടുമുട്ടി. ഉത്മാന്‍റ്റെ മരണവിവരമറിഞ്ഞ ആയിഷ(റ) വളരെയധികം വിഷമിച്ചു. മക്കയില്‍ നിന്ന്‌ ആയിഷയും(റ), തല്‍ഹയും(റ), സുബൈറും(റ) ബസ്രയിലേയ്ക്ക് യാത്ര തിരിച്ചു. ബസ്രയില്‍ ഒരു സംഘം ആളുകള്‍ ഉത്മാന്‍റ്റെ(റ) ഘാതകരെ വകവരുത്തുവാന്‍ ഒത്തുകൂടി നില്‍പ്പുണ്ടായിരുന്നു.

[തുടരും...]


അടുത്ത അധ്യായത്തിലേയ്ക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.