Wednesday 17 October 2007

തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായുടെ ജീവിത ചരിത്രം, അധ്യായം 13

വലിയ ഫിത്നയുടെയും മുസ്ലിം ഉമ്മത്തിന്‍റ്റെയും ഇടയിലുള്ള വാതില്‍ (വേര്‍തിരിവ്) ഉമര്‍(റ) ആയിരുന്നു. കാരണം ഉമറിന്‍റ്റെ(റ) ഭരണ കാലത്ത് മുസ്ലിം ലോകത്ത് ശാന്തിയും സമാധാനവും നിറഞ്ഞുനിന്നു. ഉമറിന്‍റ്റെ(റ) കാലശേഷമാണ്‌ പ്രശ്നങ്ങള്‍ തുടങ്ങിയത്.

ഉമറിന്‍റ്റെ(റ) കാലശേഷം, ഉത്മാന്‍ ബിന്‍ അഫ്ഫാനെ(റ) ഖലീഫയായി തെരഞ്ഞെടുത്തു. ഉത്മാന്‍ ബിന്‍ അഫ്ഫാന്‍(റ) പിന്നീട് വധിക്കപ്പെട്ടു.
ഉമറും(റ) വധിക്കപ്പെടുകയായിരുന്നു. പക്ഷേ, ഉമറിന്‍റ്റെയും, ഉത്മാന്‍റ്റെയും കൊലയാളികള്‍ തമ്മില്‍ വ്യത്യാസമുണ്ടായിരുന്നു. ഉമറിനെ കൊലചെയ്തത് ഒരവിശ്വാസിയായിരുന്നു. അതേസമയം ഉത്മാനെ കൊലചെയ്തത് ഒരുമുസ്ലീമും.

ഇസ്ലാമിന്‍റ്റെ കീഴിലുള്ള ആളുകള്‍തന്നെയാണ്‌ ഉത്മാനെ(റ) വധിച്ചത്‌. അതുകാരണത്താല്‍ ഐക്യത്തിന്‍റ്റെ വാതില്‍ തകര്‍ക്കപ്പെട്ടു. കാരണം, ഉമറിന്‍റ്റെ മരണത്തിനുത്തരവാദി ഇസ്ലാമിന്‍റ്റെ ശത്രുവായിരുന്നു, എന്നാല്‍ ഉത്മാന്‍റ്റെ മരണത്തിനുത്തരവാദി ഇസ്ലാമിനുള്ളില്‍ തന്നെയുള്ളവരായിരുന്നു.

ഉത്മാന്‍(റ) ഖലീഫയായിരുന്നു. അദ്ദേഹത്തിന്‍റ്റെ ഭരണകാലത്ത് ചില വിവാദങ്ങള്‍ ഉണ്ടായി. ചില മുസ്ലിംങ്ങള്‍ സംഘംചേര്‍ന്ന് അദ്ദേഹത്തിന്‍റ്റെ വീട്‌ വളഞ്ഞു. ഉത്മാന്‍(റ) ഖിലാഫത്ത് വെടിയണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഉത്മാന്‍(റ) അതിന്‌ തയ്യാറായില്ല.
ഒരിക്കല്‍, റസൂലുല്ലാഹ്(സ്വ) ഉത്മാനോടായി പറഞ്ഞു, "അല്ലാഹു, താങ്കള്‍ക്ക് ഒരു മേലങ്കി നല്‍കും. ആളുകള്‍ അതു ഊരിമാറ്റുവാന്‍ താങ്കളോട് ആവശ്യപ്പെടും. പക്ഷേ, അങ്ങനെ ചെയ്യരുത്". റസൂലുല്ലാഹ്(സ്വ) എന്താണ്‌ ഉദ്ദേശിച്ചതെന്ന്‌ ഉത്മാന്‌ അന്ന്‌ മനസ്സിലായില്ല. പക്ഷേ ഇപ്പോള്‍ അദ്ദേഹത്തിന്‌ കാര്യം വ്യക്തമായി. റസൂലുല്ലാഹ്(സ്വ) മേലങ്കി എന്ന്‌ ഉദ്ദേശിച്ചത് തന്‍റ്റെ ഖിലാഫത്തായിരുന്നു. അല്ലാഹു അദ്ദേഹത്തിന്‍ ഈ ഖിലാഫത്തു നല്‍കി, പക്ഷേ ആളുകള്‍ അത്‌ ഉപേക്ഷിക്കുവാന്‍ ആവശ്യപ്പെടുന്നു. അതുകാരണം അദ്ദേഹം ആ ആവശ്യം നിരസിച്ചു.

അതേ അവസരത്തില്‍ ഉത്മാന്‍(റ) അവരോട് പോരാടുവാനും തയ്യാറായില്ല. അത്‌ വളരെയധികം പ്രയാസം പിടിച്ച അവസ്ഥയായിരുന്നു. അലി ബിന്‍ അബിത്വാലിബും(റ) അദ്ദേഹത്തിന്‍റ്റെ മക്കളും, ഉത്മാനെ(റ) ആ അക്രമികളില്‍നിന്നും സംരക്ഷിക്കുകയായിരുന്നു. അലി(റ) ഉത്മാനോടായി പറഞ്ഞു, "താങ്കള്‍ ഉത്തരവിട്ടാലും, ഞങ്ങള്‍ അവരോട് പൊരുതാം".
ഉത്മാന്‍(റ) പറഞ്ഞു, "ഞാന്‍ കാരണം ഒരു തുള്ളി രക്തം ചൊരിയുവാന്‍ എനിക്ക് താല്പര്യം ഇല്ല". അവര്‍ക്കെതിരില്‍ പോരാടുന്നതില്‍നിന്നും അലി ബിന്‍ അബിത്വാലിബിനെ(റ) ഉത്മാന്‍(റ) വിലക്കുകയും ചെയ്തു. അലി ബിന്‍ അബിത്വാലിബ്(റ), തന്‍റ്റെ മക്കള്‍, അല്‍ ഹസ്സനോടും, അല്‍ ഹുസ്സൈനോടും, ഉത്മാനെ(റ) സംരക്ഷിക്കുവാന്‍ പറഞ്ഞു.

പക്ഷേ തന്‍റ്റെ പേരില്‍ ആരും പോരാടരുതെന്ന്‌ ഉത്മാന്‍(റ) അവരോട്‌ കല്‍പ്പിച്ചു. ഒടുവില്‍ അക്രമി സംഘം വീടിനുള്ളില്‍ പ്രവേശിച്ചു. അവര്‍ ആയിരത്തിലധികമുണ്ടായിരുന്നു. അവസാനം അവര്‍ ഉത്മാനെ(റ) വധിച്ചു. അങ്ങനെ അത് വലിയ ഒരു ഫിത്നയ്ക്ക് തുടക്കം കുറിച്ചു.
[തുടരും...]

2 comments:

ഏ.ആര്‍. നജീം said...

ഉസ്മാന്‍ (റ ) യുടെ പേരല്ലേ താങ്കള്‍ ഉത്മാന്‍ എന്ന് എഴുതിയിരിക്കുന്നത്...?
പിന്നെ കമന്റ്സ് കണ്ടില്ലെന്ന് വച്ച് ആരും വായിക്കുന്നില്ല എന്നര്‍ത്ഥം ഇല്ലാട്ടോ..അതു കൊണ്ട് ഇത് തുടരുക അല്ലാഹു അനുഗ്രഹിക്കട്ടെ - ആമീന്‍

abu Yusuf said...

അതെ, ഉത്മാന്‍(റ), നമ്മുടെ മൂന്നാമത്തെ ഖലീഫ.