Thursday 19 July 2007

തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായുടെ ജീവിത ചരിത്രം, അധ്യായം 6

പ്രവാചകനെ(സ്വ) കൊലപെടുത്തുകയെന്ന ഉദ്ദേശവുമായി ഖുറയ്ശികള്‍ പ്രവാചകന്‍റ്റെ(സ്വ) അടുക്കലേയ്ക്ക് നീങ്ങി. പക്ഷേ അതില്‍നിന്നും അവരെ തടുത്തത്, സാദ് ബിന്‍ അബി വഖ്ഖാസിന്‍റ്റേയും(റ), തല്‍ഹ ബിന്‍ ഉബയ്ദുല്ലായുടേയും(റ) ധീരവും സമര്‍ത്ഥവുമായ പോരാട്ടമായിരുന്നു. പ്രവാചകനെ(സ്വ) വകവരുത്തുകയെന്ന ഖുറയ്ശികളുടെ ഉദ്ദേശത്തെ തകര്‍ക്കുന്നതില്‍ അവര്‍ രണ്‍ട്പേരും വളരെയധികം പങ്കുവഹിച്ചു.

യുദ്ധക്കളത്തില്‍ പ്രവാചകന്‍(സ്വ) നില്‍ക്കുന്ന സ്ഥലമാണ്‌ ഖുറയ്ശികളുടെ ലക്ഷിയമെന്ന് തല്‍ഹയ്ക്ക്(റ) മനസ്സിലായി. പ്രവാചകന്‍(സ്വ) ഒരു പര്‍വതത്തിന്‍റ്റെ മുകളിലേയ്ക്കു കയറി. പിറകേ ഖുറയ്ശികളും അദ്ദേഹത്തെ(സ്വ) പിന്തുടര്‍ന്നു. ഇതു കണ്ട പ്രവാചകന്‍(സ്വ) പറഞ്ഞു, "എന്നില്‍ നിന്നും ഇവരെ അകറ്റി ഓടിക്കുന്നവന്‍ സ്വര്‍ഗ്ഗത്തില്‍ എന്‍റ്റെ ഒപ്പമായിരിക്കും".
"ഞാന്‍ തയ്യാര്‍, അല്ലാഹുവിന്‍റ്റെ പ്രവാചകനെ", തല്‍ഹ(റ) പറഞ്ഞു. പറ്റില്ലെന്നും, നില്‍ക്കുന്ന സ്ഥലത്തുതന്നെ നിലയുറപ്പിച്ചു പോരാടുവാനും തല്‍ഹയോട്(റ) പ്രവാചകന്‍(സ്വ) പറഞ്ഞു.

അന്‍സ്വാരികളില്‍ നിന്നുമൊരാള്‍ പ്രവാചകനെ(സ്വ) സംരക്ഷിക്കുവാന്‍ മുന്‍പോട്ടു വന്നു. പ്രവാചകന്‍(സ്വ) സമ്മതിച്ചു. പക്ഷേ വളരെയധികം പോരാട്ടത്തിനു ശേഷം അദ്ദേഹം വധിക്കപ്പെട്ടു. ഖുറയ്ശികള്‍ വീണ്‍ടും പ്രവാചകനെ(സ്വ) പിന്തുടര്‍ന്നു. "ഇവരെ തുരത്തുവാന്‍ ആരുമില്ലെ?", പ്രവാചകന്‍(സ്വ) വീണ്‍ടും ചോദിച്ചു. തല്‍ഹ(റ) വീണ്‍ടും മുന്‍പോട്ടു വന്നു. പക്ഷേ പ്രവാചകന്‍(സ്വ) ഇത്തവണയും അതിന്നു സമ്മതിച്ചില്ല. മറ്റൊരു സഹാബി അതിനു തയ്യാറായി മുന്‍പോട്ടു വന്നു. പക്ഷേ വളരെയധികം പോരാട്ടത്തിനു ശേഷം അദ്ദേഹവും വധിക്കപ്പെട്ടു. അങ്ങനെ പ്രവാചകന്‍റ്റെ(സ്വ) ചുറ്റുമുള്ള ഓരോരുത്തരും ഖുറയ്ശികളാല്‍ വധിക്കപെട്ടു. അവസാനം പ്രവാചകന്‍റ്റെ(സ്വ) അടുത്ത്‌ തല്‍ഹ(റ) മാത്രമായി. ഇനി തല്‍ഹയ്ക്ക്(റ) വരാമെന്ന് പ്രവാചകന്‍(സ്വ)അനുമതി നല്‍കി. ഇതു കേള്‍ക്കേണ്ട താമസം, തല്‍ഹ ബിന്‍ ഉബയ്ദുല്ല(റ), പ്രവാചകന്‍റ്റെ(സ്വ) അടുക്കലേയ്ക്ക്‌ കുതിച്ചു.

തല്‍ഹ(റ), പ്രവാചകന്‍റ്റെ(സ്വ) അടുത്തേയ്ക്ക് പോകുവാന്‍ വളരെ ദൂരം കുറഞ്ഞ വഴിയാണ്‌ തെരഞ്ഞെടുത്തത്. പക്ഷേ അതായിരുന്നു വളരേയധികം പ്രയാസമേറിയത്. അത് അദ്ദേഹത്തിന്‌ അറിയമായിരുന്നുതാനും. വളരെയധികം ശത്രുക്കളെ അദ്ദേഹത്തിന്‌ ആ വഴിയില്‍ നേരിടണമായിരുന്നു. അവരെയെല്ലാം ധീരമായി നേരിട്ടുകൊണ്ട്‌ അദ്ദേഹം പ്രവാചകന്‍റ്റെ(സ്വ) അടുക്കലേയ്ക്കു നീങ്ങി. അപ്പോഴേയ്ക്കും പ്രവാചകന്(സ്വ) ശത്രുക്കളില്‍നിന്നും വളരെയധികം മുറിവുകള്‍ പറ്റിയിരുന്നു. അദ്ദേഹത്തിന്‍റ്റെ(സ്വ) ഒരു പല്ല്‌ ഒടിഞ്ഞു, നെറ്റി ആഴത്തില്‍ മുറിഞ്ഞു, ചുണ്ടിനു പരിക്കേല്‍റ്റു. രക്തം അദ്ദേഹത്തിന്‍റ്റെ(സ്വ) മുകത്തുനിന്നും ഒലിച്ചിറങ്ങി.

പ്രവാചകന്‍(സ്വ) വലരെയധികം തളര്‍ന്നു. ഇതുകണ്‍ട തല്‍ഹയുടെ(റ) അരിശം വര്‍ദ്ധിച്ചു. അദ്ദേഹം(റ) ശത്രുക്കളെ ഒന്നൊന്നായി വകവരുത്തി. വളരെ വേഗത്തില്‍ തല്‍ഹ(റ), പ്രവാചകന്‍റ്റെ(സ്വ) അരികിലെത്തി. അപ്പോഴേയ്ക്കും പ്രവാചകനെ(സ്വ) ശത്രുക്കള്‍ വളഞ്ഞിരുന്നു. തല്‍ഹ(റ) അവരുടെ മദ്ധ്യത്തിലേയ്ക്ക് ഇരച്ചു കയറി. അദ്ദേഹം(റ) ഖുറയ്ശിക്കൂട്ടത്തെ പ്രവാചകനില്‍(സ്വ) നിന്നും സമര്‍ത്ഥമായി തടുത്തു നിര്‍ത്തി. പ്രവാചകനെ(സ്വ) അദ്ദേഹം(റ) അവിടെ നിന്നും മാറുവാന്‍ സഹായിച്ചു. എന്നിട്ട് ഖുറയ്ശികളുമായി അദ്ദേഹം(റ) ധീരമായി പോരാടി.

[തുടരും...]

No comments: