Monday 2 July 2007

തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായുടെ ജീവിത ചരിത്രം, അധ്യായം 3

തല്‍ഹയുടെ(റ) ഇസ്ലാംസ്വീകരണം ഖുറയ്ശികളില്‍ ആശ്ചര്യമുണ്ടാക്കി. തല്‍ഹയുടെ(റ) ഇസ്ലാംസ്വീകരണത്തില്‍ വളരെയധികം വിഷമിച്ചത് അദ്ദേഹത്തിന്‍റ്റെ മാതാവായിരുന്നു. അദ്ദേഹത്തിന്‍റ്റെ നല്ല സ്വഭാവവും അസാധാരണമായ ഗുണങ്ങളും അദ്ദേഹത്തെ ഒരു നാള്‍ തന്‍റ്റെ സമുദായത്തിന്‍റ്റെ നേതാവാക്കുമെന്ന് ആ മാതാവ് പ്രതീക്ഷിച്ചു.

തല്‍ഹയുടെ(റ) ഇസ്ലാംസ്വീകരണമറിഞ്ഞ ഖുറയ്ശികളില്‍ പെട്ട ചില ആളുകള്‍ അദ്ദേഹത്തിന്‍റ്റെ അടുക്കലേയ്ക്കു ചെന്നു. വളരെ ആകാംഷയോടുകൂടിയും വിഷമത്തോടുകൂടിയുമാണ് അവര്‍ ചെന്നത്. തല്‍ഹയെ(റ) ഇസ്ലാമില്‍ നിന്നും പിന്തിരിപ്പിക്കുക്കയെന്നതായിരുന്നു അവരുടെ ലക്ഷ്‌യം. പക്ഷേ എന്തൊന്നിലാണോ അദ്ദേഹം വിശ്വസിച്ചത്, അതില്‍ അദ്ദേഹം(റ) ഉറച്ചുതന്നെ നിന്നു. അദ്ദേഹം(റ) അവരുടെ സമ്മര്‍ധങ്ങള്‍ക്കു വഴങ്ങുന്നില്ല എന്ന് കണ്ടപ്പോള്‍ അദ്ദേഹത്തെ ഉപദ്രവിക്കുവാന്‍ അവര്‍ തീരുമാനിച്ചു.

മസൂദ് ഇബിന്‍ കറശ് ഇപ്പ്രകാരം നിവേദനം ചെയ്തു, "ഞാന്‍ സഫയ്ക്കും മര്‍വയ്ക്കുമിടയില്‍ സായ് ചെയ്യുകയായിരുന്നു (ഹജ്ജിലെ ഒരു കര്‍മ്മം). അപ്പോള്‍ ഒരു കൂട്ടം ആളുകള്‍ ഒരു ചെറുപ്പകാരനെ ഉന്തിയും തള്ളിയും കൊണ്ടുപോകുന്നതു ഞാന്‍ കണ്ടു. അയാളുടെ കൈകള്‍ രണ്ടും ബന്ധിച്ചിരുന്നു. അയാളെ തള്ളുന്നതിനിടയില്‍ അവര്‍ അയാളുടെ തലയ്ക്ക് അടിക്കുന്നുണ്ടായിരുന്നു. ആ കൂട്ടത്തില്‍ ഒരു പ്രായംചെന്ന സ്ത്രീ അയാളെ പുറകില്‍നിന്നും തുടരെ തുടരെ മര്‍ധിക്കുകയും, അയാളെ ചീത്ത പറയുകയും ചെയ്യുന്നുണ്ടായിരുന്നു.

ഇതു കണ്ട ഞാന്‍ ചോദിച്ചു, "ഈ ചെറുപ്പകാരന്‍ എന്താണ്' ചെയ്തത് ?".
"ഇതാണ് തല്‍ഹ ഇബിന്‍ ഉബയ്ദുല്ല. അയാള്‍ തന്‍റ്റെ പൂര്‍വ മതത്തെ ഉപേക്ഷിച്ചു. ഇപ്പോള്‍ അയാള്‍ ബനു ഹാഷിമില്‍ നിന്നുമുള്ള ഒരു മനുഷ്യനെ (മുഹമ്മദ് (സ്വ)) പിന്തുടരുന്നു." ഒരാള്‍ പറഞ്ഞു. "അയാളുടെ പുറകിലുള്ള ആ പ്രായംച്ചെന്ന സ്ത്രീ ആരാണ്'?" ഞാന്‍ ചോദിച്ചു. "അതാണ് 'അസ്-സബാഹ് ബിന്ത് അല്‍ ഹദ്രമി', ആ ചെറുപ്പകാരന്‍റ്റെ മാതാവ്". അയാള്‍ പറഞ്ഞു."

ഖുറയ്ശികള്‍ അവിടം കൊണ്ടും നിറുത്തിയില്ല. നൌഫല്‍ ഇബിന്‍ ഖുവയിലിദ് (ഖുറയ്ശിയിലെ സിംഹമെന്നാണയാള്‍ അറിയപെട്ടിരുന്നത്), തല്‍ഹയെ(റ) ഒരു കയര്‍ കൊണ്ട് ബന്ധിച്ചു. അതേ കയര്‍ കൊണ്ടു തന്നെ അയാള്‍ അബൂബെക്കറിനേയും(റ) ബന്ധിച്ചു. എന്നിട്ട് അവരെ അയാള്‍ ഖുറയ്ശികള്‍ക്ക് ഉപദ്രവിക്കുവാനായി കൊടുത്തു. ഖുറയ്ശികള്‍ മതിവരുവോളം അവരെ രണ്ടുപേരെയും ഉപദ്രവിച്ചു. നാളുകള്‍ക്കു ശേഷം ഉപദ്രവം സഹിക്കാന്‍ വയ്യാതെ തല്‍ഹ(റ)യും മറ്റു മുസ്ലീമുകളും മദീനയിലേയ്ക്ക് പ്രവാചകന്‍റ്റെ(സ്വ) കല്‍പനപ്രകാരം പാലായനം(ഹിജ്ര) ചെയ്തു.
[തുടരും...]

No comments: