Friday 29 June 2007

സല്‍മാന്‍ അല്‍ ഫാരിസിയുമായി(റ) അല്‍പനേരം - ഭാഗം 3 (അവസാനിച്ചു)

ഒരിക്കല്‍ സല്‍മാന്‍ അല്‍ ഫാര്സിയുടെ(റ) സുഹ്രുത്ത് അദ്ദേഹത്തിന്‍റ്റെ വീട്ടില്‍ വന്നു. അപ്പോള്‍ സല്‍മാന്‍(റ) മാവ് കുഴക്കുകയായിരുന്നു. ഇതു കണ്ട സുഹ്രുത്ത് ചോദിച്ചു,
"താങ്കളുടെ പരിചാരിക എവിടെ?".
സല്‍മാന്‍(റ) പറഞ്ഞു, "ഞങ്ങള്‍ അവളെ ഒരു കാര്യത്തിനായി പറഞ്ഞു വിട്ടിരിക്കുകയാണ്. ഒരു സമയം രണ്‍ട് ജോലികള്‍ അവളെ ഏല്‍പിക്കാന്‍ ഞങ്ങള്‍ക്ക് താല്പര്യമില്ല."

ഒരിക്കല്‍ സല്‍മാന്‍ അല്‍ ഫാര്സി(റ) തന്‍റ്റെ വീട് നിര്‍മിക്കുന്നതിനെപറ്റി ആലോചിക്കുകയായിരുന്നു. അതിനുവേണ്‍ടി അദ്ദേഹം ഒരു ആശാരിയെ നിയമിച്ചു. "താങ്കള്‍ എങ്ങനെയാണു്‌ ഇതു പണിയാന്‍ ഉദ്ദേശിക്കുന്നത്?", സല്‍മാന്‍ അല്‍ ഫാര്സി(റ) ചോദിച്ചു. സല്‍മാന്‍ അല്‍ ഫാര്സി(റ)യുടെ ലളിതവും, ഭക്തിപൂര്‍ണവുമായ ജീവിതശൈലി അറിയാമായിരുന്ന ആശാരി, വളരെ വിനയത്തോടെയും, തമാശയോടെയും കൂടി ഇപ്പ്രകാരം പറഞ്ഞു, "അങ്ങ് ഭയപ്പെടേണ്ട. സൂര്യന്‍റ്റെ ചൂടില്‍ നിന്നും, മഞ്ഞു കാലത്തെ തണുപ്പില്‍ നിന്നും അങ്ങയെ സംരക്ഷിക്കുന്ന ഒരു വീടായിരിക്കുമിത്. അങ്ങ് എഴുന്നേല്‍റ്റ് നിന്നാല്‍, അതിന്‍റ്റെ മേല്‍ക്കൂര തലയില്‍ തട്ടുന്ന വിധമായിരിക്കും."
സല്‍മാന്‍ അല്‍ ഫാര്സി(റ) പറഞ്ഞു, "അതെ, അപ്പ്രകാരം തന്നെയാണ്' വേണ്ടത്."

ഈ ലോകത്തിലെ ഒരു സാധനങ്ങളിലും അദ്ദേഹത്തിന് ഒരു നിമിഷംപോലും താല്‍പര്യം ഇല്ലായിരുന്നു. മാത്രവുമല്ല, അദ്ദേഹത്തിന്‍റ്റെ മനസ്സില്‍പോലും അതിനോട് യാതൊരു താല്‍പര്യവും ഇല്ലായിരുന്നു. ഒരു കാര്യം ഒഴിച്ച്. അദ്ദേഹത്തിന്‍റ്റെ ശ്രദ്ധയില്‍ എപ്പോഴുമതുണ്ടായിരുന്നു. അത് അദ്ദേഹം തന്‍റ്റെ ഭാര്യയുടെ കൈവശം ഏല്‍പ്പിക്കുകയും, ഭദ്രമായി സൂക്ഷിക്കുവാനും പറഞ്ഞു.

അദ്ദേഹം മരണശൈയയില്‍ കിടക്കുന്ന സമയത്ത് തന്‍റ്റെ ഭാര്യയെ സമീപത്ത് വിളിച്ച് ഇങ്ങനെ പറഞ്ഞു, "ഞാന്‍ സൂക്ഷിക്കുവാന്‍ ഏല്‍പിച്ചത് ഇങ്ങ് കൊണ്ട് വരിക." അദ്ദേഹത്തിന്‍റ്റെ ഭാര്യയത് കൊണ്ടുവന്നു. തുറന്ന് നോക്കിയപ്പൊള്‍ കണ്ടത് ഒരു കസ്തൂരിയുടെ സുഗന്ധദ്രവ്യമായിരുന്നു.

ജല്‍വലാ പട്ടണം മോചിപ്പിച്ചപ്പോള്‍ അദ്ദേഹത്തിനു കിട്ടിയതായിരുന്നു ആ സുഗന്ധദ്രവ്യം. അത് അദ്ദേഹം തന്‍റ്റെ മരണ സമയത്തിനായി സൂക്ഷിച്ചുവെച്ചു. അദ്ദേഹം ഒരു പാത്രം വെള്ളം കൊണ്ടുവരുവാന്‍ തന്‍റ്റെ ഭാര്യയോട് പറഞ്ഞു. ആ സുഗന്ധദ്രവ്യം, വെള്ളത്തില്‍ ഒഴിച്ച് അദ്ദേഹം തന്‍റ്റെ സ്വന്തം കൈകള്‍കൊണ്ടിളക്കി. എന്നിട്ട് ഭാര്യയോട് ഇപ്പ്രകാരം പറഞ്ഞു,
"ഇത് എന്നില്‍ തളിക്കുക, അല്ലാഹുവില്‍നിന്നുമുള്ള മാലാഖമാര്‍ എന്‍റ്റെ അടുത്ത് വരുവാന്‍ സമയമായി. അവര്‍ ആഹാരം കഴിക്കില്ല, പക്ഷേ നല്ല സുഗന്ധത്തെ അവര്‍ ഇഷ്ടപെടുന്നു."

അദ്ദേഹത്തിന്‍റ്റെ ഭാര്യ അപ്പ്രകാരം ചെയ്തു. അതിനു ശേഷം വാതിലടച്ച് പുറത്തേയ്ക്ക് പോകുവാന്‍ അദ്ദേഹം ഭാര്യയോട് പറഞ്ഞു. കുറച്ച് സമയത്തിനു ശേഷം അദ്ദേഹത്തിന്‍റ്റെ ഭാര്യ തിരിച്ചുച്ചെന്നു നോക്കി. അപ്പോഴേക്കും അദ്ദേഹത്തിന്‍റ്റെ ആത്മാവ് ആ ശരീരം വിട്ട് പോയി കഴിഞ്ഞിരുന്നു.

Source:
Men around the Messenger(S) by Khalid Muhammad Khalid

No comments: