Tuesday 27 November 2007

സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 04


"ഞാന്‍ അവരുടെ ആരാധന രീതികളും മുറകളും വീക്ഷിച്ചു. അത്‌ എന്നെ വല്ലാതെ ആകര്‍ഷിച്ചു. അവരുടെ മതത്തില്‍ എനിക്ക്‌ വളരെയധികം താല്‍പര്യം തോന്നി. അല്ലാഹുവാണെ, ഇത്‌ എന്‍റ്റെ വിശ്വാസത്തെക്കാളും എത്രെയോ ഭേദമാണ്‌!. സൂര്യാസ്തമയം വരെ ഞാന്‍ അവിടെ ഇരുന്നു. ഞാന്‍ വീട്ടില്‍ നിന്നും രാവിലെ ഇറങ്ങിയതാണ്.
കൃഷിസ്ഥലത്തേയ്ക്ക് ഞാന്‍ പോയതുമില്ല. ഈ മതത്തിന്‍റ്റെ ഉത്ഭവം എവിടെയാണെന്ന്‌ ഞാന്‍ അവരോട്‌ ചോദിച്ചു. അതിന്‍റ്റെ ഉത്ഭവം അശ്-ശാമിലാണെന്ന്‌ അവരില്‍ നിന്നും എനിക്ക്‌ മനസ്സിലാക്കുവാന്‍ കഴിഞ്ഞു
"
. (അശ്-ശാം - ഫലസ്തീന്‍, സിറിയ, ലെബനോന്‍, ജോര്‍ദാന്‍ ചേര്‍ന്ന സ്ഥലം)

"ഞാന്‍ തിരിച്ച്‌ വീട്ടിലേയ്ക്കുപോയി. എന്‍റ്റെ പിതാവ്, എന്നെ കാണാത്തതിനാല്‍ വളരെയധികം വിഷമിച്ചു നില്‍ക്കുകയായിരുന്നു. എന്നെ തിരയുന്നതിനായി അദ്ദേഹം ആളുകളെ പറഞ്ഞു വിട്ടു".
അദ്ദേഹം എന്നോട്‌ ചോദിച്ചു, "എന്‍റ്റെ മകനേ, നീ എവിടെയായിരുന്നു? ഞാന്‍ നിന്നെ ഒരാവിശ്യത്തിനായി പറഞ്ഞു വിട്ടതല്ലെ. എന്താണ്‌ സംഭവിച്ചത്‌?".

ഞാന്‍ അപ്പോള്‍ പറഞ്ഞു, "പിതാവേ, ഞാന്‍ ഇന്ന് ചിലയാളുകളെ പരിചയപ്പെടുവാന്‍ ഇടയായി. അവര്‍ പള്ളിയില്‍ ഇരുന്ന്‌
പ്രാര്‍ത്ഥിക്കുകയായിരുന്നു. എനിക്ക്‌ അവരുടെ ആരാധന രീതി വളരെയധികം ഇഷ്ടപെട്ടു. സൂര്യാസ്തമയം വരെ ഞാന്‍ അവിടെ കഴിച്ചു കൂട്ടി.

ഇതു കേട്ട എന്‍റ്റെ പിതാവ്‌ വളരെയധികം വിഷമിച്ചു. അദ്ദേഹം എന്നോട്‌ പറഞ്ഞു, "മകനേ, നിന്‍റ്റെയും നിന്‍റ്റെ പൂര്‍വ്വ പിതാക്കളുടേയും മതത്തെക്കാളും നല്ലതായി മറ്റൊന്നുമില്ല".
"അങ്ങനെയല്ല, അല്ലാഹുവാണ, നമ്മുടെ മതത്തേക്കാളും അത്‌ എത്രയോ ഭേദമാണ്", ഞാന്‍ പറഞ്ഞു.

എന്‍റ്റെ മറുപടി കേട്ട പിതാവിന്‌ വളരെയധികം വിഷമമായി. അദ്ദേഹം വളരെയധികം ദേഷ്യപ്പെട്ടു. എന്നെ അദ്ദേഹം
വീട്ടില്‍ തന്നെ പൂട്ടിയിട്ടു. അതിനു ശേഷം അദ്ദേഹം എന്നെ വീട്ടിനുപുറത്തു വിട്ടില്ല.

എന്‍റ്റെ പിതാവറിയാതെ രഹസ്യമായി ഞാന്‍ ആ പള്ളിയിലുണ്ടായിരുന്നവര്‍ക്ക് ഒരു സന്ദേശമയച്ചു. ഏതെങ്കിലും ക്രിസ്ത്യന്‍ കച്ചവട സംഘം ശാമില്‍ നിന്നും വന്നാല്‍ എന്നെ അറിയിക്കണമെന്നായിരുന്നു ആ കത്തിന്‍റ്റെ ഉള്ളടക്കം. അങ്ങനെ
കുറച്ചു നാളുകള്‍ക്ക് ശേഷം ഒരു കച്ചവട സംഘം ശാമില്‍ നിന്നും അവിടെയെത്തി.
ഞാന്‍ പറഞ്ഞതനുസരിച്ച്‌ അവര്‍ എന്നെ വിവരം അറിയിച്ചു. ആ കച്ചവട സംഘം തിരിച്ചു പോകുന്ന സമയം എന്നെ അറിയിക്കണമെന്ന് ഞാന്‍ അവരോട്‌ പറഞ്ഞു. അങ്ങനെ അവര്‍ തിരിച്ചു പോകുന്ന സമയമായപ്പോള്‍ എനിക്ക് വിവരം ലഭിച്ചു.
ഞാന്‍ ആരും അറിയാതെ വീട്ടില്‍നിന്നും പുറത്തു കടന്നു. ആ കച്ചവട സംഘത്തോടൊപ്പം ഞാന്‍ ശാമിലേയ്ക്ക്‌ യാത്ര തിരിച്ചു.


[തുടരും...]

No comments: