Wednesday, 11 July 2007

തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായുടെ ജീവിത ചരിത്രം, അധ്യായം 4

വര്‍ഷങ്ങള്‍ പിന്നിട്ടു. പ്രധാനപെട്ട പല സംഭവങ്ങളും നടന്നു. അല്ലാഹുവിന്‍റ്റെയും പ്രവാചകന്‍റ്റെയും(സ്വ) മാര്‍ഗത്തില്‍ ഉറച്ച് നില്‍ക്കുന്നതിനായി തല്‍ഹയ്ക്ക്(റ) ഒരുപാട് വിഷമങ്ങള്‍ സഹിക്കേണ്ടി വന്നു. അതൊന്നും അദ്ദേഹത്തെ പരാചിതനാക്കിയില്ല. അദ്ദേഹം ക്ഷമയോടെ ഉറച്ചു നിന്നു. ജനങ്ങള്‍ക്കിടയിലുള്ള തല്‍ഹയുടെ(റ) സ്ഥാനം വര്‍ദ്ധിച്ചു. "ജീവിക്കുന്ന ഷഹീദ്" എന്ന നാമം അദ്ദേഹത്തിനുലഭിച്ചു. പ്രവാചകന്‍(സ്വ), തല്‍ഹയെ(റ) "തല്‍ഹ - കാരുണ്യമുള്ളയാള്‍" എന്നും "തല്‍ഹ - നല്ല മനുഷ്യന്‍" എന്നും വിശേഷിപിച്ചു.

തല്‍ഹയ്ക്ക്(റ) "ജീവിക്കുന്ന ഷഹീദ്" എന്ന നാമം ഉഹുദ് യുദ്ധത്തിലാണ്‌ ലഭിച്ചത്. ബദര്‍ യുദ്ധമൊഴിച്ച്‌ മറ്റെല്ലായുദ്ധത്തിലും പ്രവാചകന്‍റ്റെ(സ്വ) കൂടെ അദ്ദേഹം പങ്കെടുത്തു. ബദര്‍ യുദ്ധത്തിന്‍റ്റെ സമയത്ത് തല്‍ഹയേയും(റ), സൈദ് ഇബിന്‍ സ്വൈദിനേയും(റ) മറ്റൊരു കാര്യത്തിനായി പ്രവാചകന്‍(സ്വ) മദീനയുടെ പുറത്തേയ്ക്ക് പറഞ്ഞുവിട്ടതായിരുന്നു. അവര്‍ കാര്യം പൂര്‍ത്തീകരിച്ച് മദീനയിലേയ്ക്ക് മടങ്ങിയെത്തിയപ്പോഴേക്കും, പ്രവാചകനും(സ്വ) മറ്റു സഹാബാക്കളും ബദര്‍ യുദ്ധം കഴിഞ്ഞ് മദീനയിലേയ്ക്ക് തിരിച്ചിരുന്നു.

ഇതറിഞ്ഞ തല്‍ഹയ്ക്കും(റ) സൈദിനും(റ) വളരെയധികം വിഷമമായി. പ്രവാചകന്‍റ്റെ(സ്വ) കൂടെ ആദ്യത്തെ ജിഹാദ് യുദ്ധത്തില്‍ പങ്കെടുക്കുവാന്‍ പറ്റാത്ത വിഷമവും, അതുവഴി അല്ലാഹുവിന്‍റ്റെ പ്രതിഫലം ലഭിക്കുവാനുമുള്ള അവസരം പാഴായതിനെ പറ്റിയുമുള്ള ചിന്തയും അവരെ രണ്ടു പേരെയും വല്ലാതെ തളര്‍ത്തി. യുദ്ധത്തില്‍ പങ്കെടുത്തവര്‍ക്കുള്ള അതേ പ്രതിഫലം അല്ലാഹുവില്‍നിന്നും അവര്‍ക്ക് ലഭിക്കുമെന്ന് പ്രവാചകന്‍(സ്വ) അവരോട്‌ പറഞ്ഞു. ഇതുകേട്ട് ഇരുവരും(റ) വളരെയധികം സന്തോഷിച്ചു. മാത്രവുമല്ല യുദ്ധാനന്തര മുതലുകള്‍ വീതിച്ചപോഴും, പ്രവാചകന്‍(സ്വ) യുദ്ധത്തില്‍ പങ്കെടുത്തവര്‍ക്കുള്ള അതേ ഓഹരിയില്‍ നിന്നും തല്‍ഹയ്ക്കും(റ) സൈദിനും(റ) നല്‍കി.

[തുടരും...]

അടുത്ത അധ്യായത്തിലേയ്ക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Monday, 2 July 2007

തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായുടെ ജീവിത ചരിത്രം, അധ്യായം 3

തല്‍ഹയുടെ(റ) ഇസ്ലാംസ്വീകരണം ഖുറയ്ശികളില്‍ ആശ്ചര്യമുണ്ടാക്കി. തല്‍ഹയുടെ(റ) ഇസ്ലാംസ്വീകരണത്തില്‍ വളരെയധികം വിഷമിച്ചത് അദ്ദേഹത്തിന്‍റ്റെ മാതാവായിരുന്നു. അദ്ദേഹത്തിന്‍റ്റെ നല്ല സ്വഭാവവും അസാധാരണമായ ഗുണങ്ങളും അദ്ദേഹത്തെ ഒരു നാള്‍ തന്‍റ്റെ സമുദായത്തിന്‍റ്റെ നേതാവാക്കുമെന്ന് ആ മാതാവ് പ്രതീക്ഷിച്ചു.

തല്‍ഹയുടെ(റ) ഇസ്ലാംസ്വീകരണമറിഞ്ഞ ഖുറയ്ശികളില്‍ പെട്ട ചില ആളുകള്‍ അദ്ദേഹത്തിന്‍റ്റെ അടുക്കലേയ്ക്കു ചെന്നു. വളരെ ആകാംഷയോടുകൂടിയും വിഷമത്തോടുകൂടിയുമാണ് അവര്‍ ചെന്നത്. തല്‍ഹയെ(റ) ഇസ്ലാമില്‍ നിന്നും പിന്തിരിപ്പിക്കുക്കയെന്നതായിരുന്നു അവരുടെ ലക്ഷ്‌യം. പക്ഷേ എന്തൊന്നിലാണോ അദ്ദേഹം വിശ്വസിച്ചത്, അതില്‍ അദ്ദേഹം(റ) ഉറച്ചുതന്നെ നിന്നു. അദ്ദേഹം(റ) അവരുടെ സമ്മര്‍ധങ്ങള്‍ക്കു വഴങ്ങുന്നില്ല എന്ന് കണ്ടപ്പോള്‍ അദ്ദേഹത്തെ ഉപദ്രവിക്കുവാന്‍ അവര്‍ തീരുമാനിച്ചു.

മസൂദ് ഇബിന്‍ കറശ് ഇപ്പ്രകാരം നിവേദനം ചെയ്തു, "ഞാന്‍ സഫയ്ക്കും മര്‍വയ്ക്കുമിടയില്‍ സായ് ചെയ്യുകയായിരുന്നു (ഹജ്ജിലെ ഒരു കര്‍മ്മം). അപ്പോള്‍ ഒരു കൂട്ടം ആളുകള്‍ ഒരു ചെറുപ്പകാരനെ ഉന്തിയും തള്ളിയും കൊണ്ടുപോകുന്നതു ഞാന്‍ കണ്ടു. അയാളുടെ കൈകള്‍ രണ്ടും ബന്ധിച്ചിരുന്നു. അയാളെ തള്ളുന്നതിനിടയില്‍ അവര്‍ അയാളുടെ തലയ്ക്ക് അടിക്കുന്നുണ്ടായിരുന്നു. ആ കൂട്ടത്തില്‍ ഒരു പ്രായംചെന്ന സ്ത്രീ അയാളെ പുറകില്‍നിന്നും തുടരെ തുടരെ മര്‍ധിക്കുകയും, അയാളെ ചീത്ത പറയുകയും ചെയ്യുന്നുണ്ടായിരുന്നു.

ഇതു കണ്ട ഞാന്‍ ചോദിച്ചു, "ഈ ചെറുപ്പകാരന്‍ എന്താണ്' ചെയ്തത് ?".
"ഇതാണ് തല്‍ഹ ഇബിന്‍ ഉബയ്ദുല്ല. അയാള്‍ തന്‍റ്റെ പൂര്‍വ മതത്തെ ഉപേക്ഷിച്ചു. ഇപ്പോള്‍ അയാള്‍ ബനു ഹാഷിമില്‍ നിന്നുമുള്ള ഒരു മനുഷ്യനെ (മുഹമ്മദ് (സ്വ)) പിന്തുടരുന്നു." ഒരാള്‍ പറഞ്ഞു. "അയാളുടെ പുറകിലുള്ള ആ പ്രായംച്ചെന്ന സ്ത്രീ ആരാണ്'?" ഞാന്‍ ചോദിച്ചു. "അതാണ് 'അസ്-സബാഹ് ബിന്ത് അല്‍ ഹദ്രമി', ആ ചെറുപ്പകാരന്‍റ്റെ മാതാവ്". അയാള്‍ പറഞ്ഞു."

ഖുറയ്ശികള്‍ അവിടം കൊണ്ടും നിറുത്തിയില്ല. നൌഫല്‍ ഇബിന്‍ ഖുവയിലിദ് (ഖുറയ്ശിയിലെ സിംഹമെന്നാണയാള്‍ അറിയപെട്ടിരുന്നത്), തല്‍ഹയെ(റ) ഒരു കയര്‍ കൊണ്ട് ബന്ധിച്ചു. അതേ കയര്‍ കൊണ്ടു തന്നെ അയാള്‍ അബൂബെക്കറിനേയും(റ) ബന്ധിച്ചു. എന്നിട്ട് അവരെ അയാള്‍ ഖുറയ്ശികള്‍ക്ക് ഉപദ്രവിക്കുവാനായി കൊടുത്തു. ഖുറയ്ശികള്‍ മതിവരുവോളം അവരെ രണ്ടുപേരെയും ഉപദ്രവിച്ചു. നാളുകള്‍ക്കു ശേഷം ഉപദ്രവം സഹിക്കാന്‍ വയ്യാതെ തല്‍ഹ(റ)യും മറ്റു മുസ്ലീമുകളും മദീനയിലേയ്ക്ക് പ്രവാചകന്‍റ്റെ(സ്വ) കല്‍പനപ്രകാരം പാലായനം(ഹിജ്ര) ചെയ്തു.
[തുടരും...]

Sunday, 1 July 2007

തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായുടെ ജീവിത ചരിത്രം, അധ്യായം 2

തല്‍ഹ ഇബിന്‍ ഉബയ്ദുല്ല(റ) സിറിയയിലെ ബസ്രാ എന്ന സ്ഥലത്ത് കച്ചവടത്തിനായി പോയതായിരുന്നു. അവിടെ വച്ച് അദ്ദേഹം വളരെ ഭവ്യതയുള്ള ഒരു സന്ന്യാസിയെ കാണാനിടയായി. പുണ്യ ഭൂമിയായ മക്കയില്‍ ഒരു പ്രവാചകന്‍റ്റെ ആഗമനത്തെകുറിച്ച് അദ്ദേഹം തല്‍ഹയോട് പറഞ്ഞു. ആ പ്രവാചകന്‍റ്റെ ആഗമനത്തിന്‍റ്റെ സമയമായെന്നും, അതിനെകുറിച്ച് പൂര്‍വ പ്രവാചകന്‍മാര്‍ പ്രവചിച്ചിട്ടുണ്ടെന്നും ആ സന്ന്യാസി പറഞ്ഞു. നേര്‍മാര്‍ഗ്ഗത്തിലേക്കുള്ള പാത ഒരു നിമിഷംപോലും നഷ്ടപെടുത്തുവാന്‍ തല്‍ഹ(റ)യ്ക്ക് താല്പര്യമില്ലായിരുന്നു.

കുറച്ച് മാസം ബസ്രായിലും മറ്റ്സ്ഥലങ്ങളിലും കച്ചവടത്തിനുശേഷം അദ്ദേഹം തന്‍റ്റെ നാട്ടില്‍ (മക്കയില്‍) തിരിച്ചെത്തി. പലയിടത്തും ആളുകള്‍ കൂടിയിരുന്ന് മുഹമ്മദിനെ(സ്വ) കുറിച്ചും, ഒരു മാലാഖ അദ്ദേഹത്തിന്‍റ്റെ അടുക്കല്‍ വന്നതിനെ കുറിച്ചും, പ്രവാചകന്‍റ്റെ ദൌത്ത്യത്തെ കുറിചുമൊക്കെ സംസാരിക്കുന്നതായി തല്‍ഹ(റ)യുടെ ശ്രദ്ധയില്‍ പെട്ടു. അദ്ദേഹം ആദ്യം ചോദിച്ചത് അബു ബെക്കറിനെ (റ) കുറിച്ചായിരുന്നു. അബു ബെക്കര്‍(റ) കച്ചവടത്തിനു ശേഷം കുറച്ചു നാള്‍ മുന്‍പു മക്കയില്‍ തിരിച്ചു വന്നതായി അദ്ദേഹം അറിഞ്ഞു. തന്നെയുമല്ല അബു ബെക്കര്‍(റ), മുഹമ്മദില്‍(സ്വ) വിശ്വസിച്ചതായും, അദ്ദേഹത്തിനു പിന്തുണ പ്രഖ്യാപിച്ചതായും തല്‍ഹ(റ) അറിഞ്ഞു.

തല്‍ഹ(റ) തന്നോടായി ചോദിച്ചു, "മുഹമ്മദും അബൂബക്കറും?, അല്ലാഹുവാണെ, അവര്‍ രണ്ട് പേരും അസത്യത്തിനായി ഒരുമിച്ചു കൂടില്ല, തീര്‍ച്ച. മുഹമ്മദ് തന്‍റ്റെ നാല്‍പതാം വയസ്സിലായി. അദ്ദേഹം ഇന്നേവരെ ഒരു കള്ളവും പറഞ്ഞു കേട്ടിട്ടില്ല. അങ്ങനെയാണെങ്കില്‍ പിന്നെ അദ്ദേഹമെങ്ങനെ അല്ലാഹുവിനെ കുറിച്ച് കള്ളം പറയും. അല്ലാഹു അദ്ദേഹത്തെ പ്രവാചകന്‍ ആക്കിയെന്നും അദ്ദേഹത്തിന്‍റ്റെയടുത്ത് മാലാഖ വന്നെന്നും അദ്ദേഹം പറയുന്നു. അവിശ്വസനീയം തന്നെ. എന്തായാലും അബൂബക്കറിനെ എനിക്ക് നന്നായി അറിയാം. അദ്ദേഹം വളരെ നല്ല മനുഷ്യനും സത്യസന്ധനുമാണ്. ഖുറയ്ശ്ശി ചരിത്രത്തെ കുറിച്ചുള്ള അദ്ദേഹത്തിന്‍റ്റെ അറിവ് പ്രശംസനീയമാണ്. എന്തായാലും അദ്ദേഹത്തെ പോയി കണ്ടുകളയാം."

തല്‍ഹ(റ) വളരെ വേഗത്തില്‍ അബൂബെക്കറിന്‍റ്റെ(റ) വീട്ടിലേയ്ക്ക് നടന്നു. അബൂബെക്കറിനോടായി(റ) ഇപ്പ്രകാരം ചോദിച്ചു. "മുഹമ്മദ് ഇബിന്‍ അബ്ദുള്ള പ്രവാചകത്ത്വം സ്വീകരിച്ചതായും, താങ്കല്‍ അദ്ദേഹത്തെ പിന്തുണച്ചതായും, ആളുകള്‍ പറയുന്നതു നേരാണോ?". "അതെ" അബൂബെക്കര്‍(റ) പറഞ്ഞു. മുഹമ്മദിനെ(സ്വ) കുറിച്ചും, തല്‍ഹ(റ) അതു പിന്‍പറ്റിയാല്‍ വളരെ നല്ലതായിരിക്കുമെന്നും അബൂബെക്കര്‍(റ) പറഞ്ഞു.
സിറിയയില്‍ വെച്ചു സന്യാസിയുമായുള്ള തന്‍റ്റെ കൂടികാഴ്ച്ചയെ കുറിച്ച് അദ്ദേഹം അബൂബെക്കറിനോട്(റ) പറഞ്ഞു. അഹമ്മദ് എന്ന് പേരുള്ള ഒരാള്‍ മക്കയില്‍ അവതരിക്കുമെന്നും, അദ്ദേഹം അവസാനത്തെ പ്രവാചകനായിരിക്കുമെന്നും ആ സന്യാസി തല്‍ഹയോട് പറഞ്ഞിരുന്നു. തന്നെയുമല്ല ആ നാട്ടുകാര്‍ അദ്ദേഹത്തെ അവിടെ നിന്നും പുറത്താക്കുമെന്നും സന്യാസി പറഞ്ഞു. ഇതു കേട്ട അബൂബെക്കറിനു ആശ്ചര്യമായി. അദ്ദേഹം തല്‍ഹയെ പ്രവാചകന്‍റ്റെ അടുത്തേയ്ക്ക് കൊണ്ടുപോയി.

തല്‍ഹയ്ക്ക്(റ) പ്രവാചകനെ(സ്വ) കാണുവാന്‍ തിടുക്കമായി. അവര്‍ അധികം സംസാരിക്കുവാതെ വളരെ വേഗം പ്രവാചകന്‍റ്റെ അടുക്കലേയ്ക്ക് നടന്നു. പ്രവാചകന്‍(സ്വ) തല്‍ഹയ്ക്ക് ഇസ്ലാമിനെകുറിച്ച് പഠിപ്പിച്ചു കൊടുത്തു. ഖുറാന്‍റ്റെ ചില വരികള്‍ അദ്ദേഹം തല്‍ഹയ്ക്ക് ഓതി കേള്‍പിച്ചു. തല്‍ഹയ്ക്ക് വളരെയധികം ഇസ്ലാമില്‍ താല്‍പര്യമായി. സിറിയയില്‍ വെച്ചു സന്യാസിയുമായുള്ള തന്‍റ്റെ കൂടികാഴ്ചയെ പറ്റി അദ്ദേഹം പ്രവാചകന്‍റ്റെ അടുക്കല്‍ പറഞ്ഞു. അവിടെ വെച്ചു തല്‍ഹ ഇബിന്‍ ഉബയ്ദുല്ല(റ) തന്‍റ്റെ ശഹാദത്ത് പ്രവാചകനോട് ചൊല്ലി. "ആരാധനയ്ക്കര്‍ഹന്‍ അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്നും, മുഹമ്മദ് നബി, അല്ലാഹുവിന്‍റ്റെ പ്രവാചകനും അടിമയുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു."

[തുടരും...]