Monday 21 April 2008

സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 09


ഒരു ദിവസം സല്‍മാന്‍ അല്‍ ഫാരിസിയുടെ (റ) മുതലാളിയുടെ ബന്ധു അവിടെ വന്നു. മദീനയിലെ 'ബനി ഖുറയ്ദ' എന്ന ഗോത്രത്തില്‍പ്പെട്ട ആളായിരുന്നു അയാള്‍. അയാള്‍
സല്‍മാന്‍ അല്‍ ഫാരിസിയെ(റ) വിലയ്ക്ക് വാങ്ങി മദീനയിലേയ്ക്ക് കൊണ്ടു പോയി.

"അയാള്‍ എന്നെ മദീനയിലേയ്ക്ക് കൊണ്ടു പോയി. അല്ലാഹുവാണെ, ആ സ്ഥലം (മദീന) ആദ്യം കണ്ടപ്പോള്‍ തന്നെ എനിക്കു മനസ്സിലായി ഇതാണ്‌ ആ പുരോഹിതന്‍ പറഞ്ഞ സ്ഥലമെന്ന്".

"അല്ലാഹു പ്രവാചകനെ അയച്ചു. ആ പ്രവാചകന്‍ (സ്വ) മക്കയിലായിരുന്നു. അവിടെ നിന്നും അദ്ദേഹം മദീനയിലേയ്ക്ക് പാലായനം ചെയ്തു. പക്ഷേ ഞാന്‍ ഈ സംഭവങ്ങള്‍ ഒന്നും തന്നെ അറിഞ്ഞിരുന്നില്ല. ദിവസവും മുഴുവനും എനിക്കു പണിയെടുക്കണം. അതു കാരണം പുറം ലോകവുമായി എനിക്കു യാതൊരു ബന്ധവുമില്ലായിരുന്നു."

"ഒരു ദിവസം ഞാന്‍ പതിവു പോലെ പണിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ഞാന്‍ ഒരു ഈന്തപ്പനയുടെ മുകളിലായിരുന്നു. എന്‍റ്റെ മുതലാളി അതിന്‍റ്റെ ചുവട്ടില്‍ ഇരിക്കുകയായിരുന്നു. ആ സമയത്ത്‌ അയാളുടെ ഒരു ബന്ധു അവിടെയെത്തി.
അയാള്‍ പറഞ്ഞു, "ബനി ഖീലയിലെ ആളുകള്‍ നശിക്കട്ടെ!. മക്കയില്‍ നിന്നും അല്ലാഹുവിന്‍റ്റെ പ്രവാചകനാണെന്നും പറഞ്ഞ് പാലായണം ചെയ്ത ഒരാളെ സ്വീകരിക്കുവാന്‍ വേണ്ടി അവരെല്ലാവരും കുബ എന്ന സ്ഥലത്ത് ഒത്തുകൂടിയിരിക്കുകയാണ്".

ഇതു കേട്ട ഞാന്‍ ഞെട്ടി. ഒരു നിമിഷത്തേയ്ക്ക് മരത്തില്‍ നിന്നും എന്‍റ്റെ പിടിവിട്ടു. ഞാന്‍ താഴെ ഇരുന്ന എന്‍റ്റെ മുതലാളിയുടെ പുറത്തേയ്ക്ക് വീണേനെ. ഞാന്‍ മരത്തില്‍ നിന്നും താഴേയ്ക്കിറങ്ങി. എന്നിട്ട് അവിടെ വന്ന അയാളോടായി ചോദിച്ചു, "എന്താണ്‌ നിങ്ങള്‍ ഇപ്പോള്‍ പറഞ്ഞത്?, എന്താണ്‌ നിങ്ങള്‍ ഇപ്പോള്‍ പറഞ്ഞത്?,"

ഇതു കണ്ട എന്‍റ്റെ മുതലാളിയ്ക്ക് വളരെയധികം ദേഷ്യം വന്നു. അയാള്‍ എന്നെ അടിച്ച് അവിടെ നിന്നും അകറ്റി. അന്ന് വൈകുന്നേരം, കുബയില്‍ വന്നിരിക്കുന്ന അല്ലാഹുവിന്‍റ്റെ ആ പ്രവാചകനെ പോയി കാണുവാന്‍ ഞാന്‍ തീരുമാനിച്ചു. എന്‍റ്റെ മുതലാളി അറിയാതെ വേണം പോകുവാന്‍.
[തുടരും...]

No comments: