Saturday 19 April 2008

സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 08


സല്‍മാന്‍ അല്‍ ഫാരിസി(റ) അമൂരിയയിലെത്തിച്ചേര്‍ന്നു. അദ്ദേഹം(റ) അവിടുത്തെ പുരോഹിതനോടൊപ്പം താമസിച്ചു പോന്നു. അവിടെ വച്ച് അദ്ദേഹം ജോലി ചെയ്ത് കുറച്ചു ധനം സംബാധിച്ചു. കുറച്ചു നാളുകള്‍ക്ക് ശേഷം ആ പുരോഹിതനും മരണപ്പെട്ടു.

തനിക്ക് പിന്തുടരുവാന്‍ പറ്റിയ അടുത്തയാള്‍ ആരാണെന്ന് സല്‍മാന്‍ അല്‍ ഫാരിസി (റ) അദ്ദേഹത്തോട് മരണത്തിനു മുന്‍പായി ആരാഞ്ഞിരുന്നു. പക്ഷേ, സല്‍മാന്‍ അല്‍ ഫാരിസിയ്ക്ക്(റ) ഇത്തവണ മറ്റൊരു
മറുപടിയാണ്‌ ആ പുരോഹിതനില്‍ നിന്നും ലഭിച്ചത്.

ആ പുരോഹിതന്‍ പറഞ്ഞു, "എനിക്ക് മറ്റാരേയും അറിയില്ല. പക്ഷേ ഒരു പ്രവാചകന്‍റ്റെ ആഗമനത്തിന്‌ സമയമായിരിക്കുന്നതായി ഞാന്‍ മനസ്സിലാക്കുന്നു. ആ പ്രവാചകന്‍ ഇബ്രാഹീമിന്‍റ്റെ (അ) [ഏബ്രഹാം] അതേ മതത്തെ പിന്തുടരുന്ന ആളായിരിക്കും. അദ്ദേഹം അറേബ്യയില്‍ നിന്നുമായിരിക്കും വരിക. അദ്ദേഹം മറ്റൊരു നാട്ടിലേയ്ക്ക് പാലായണം ചെയ്യും. ആ സ്ഥലം കറുത്ത പാറകളാല്‍ ചുറ്റപ്പെട്ടതായിരിക്കും. ഈന്തപനകളാല്‍ നിറഞ്ഞ സ്ഥലമായിരിക്കും അത്. ആ പ്രവാചകനെ ചില അടയാളങ്ങള്‍ കൊണ്ട് മനസ്സിലാക്കുവാന്‍ കഴിയും. അദ്ദേഹത്തിന്‌ സമ്മാനമായി ലഭിക്കുന്ന ഭക്ഷണത്തില്‍നിന്നും അദ്ദേഹം കഴിക്കും. പക്ഷേ ദാനമായി ലഭിച്ചതില്‍ നിന്നും അദ്ദേഹം കഴിക്കില്ല. അദ്ദേഹത്തിന്‍റ്റെ തോളുകള്‍ക്കിടയില്‍ അവസാനത്തെ പ്രവാചകന്‍റ്റെ അടയാളം
കാണാം. നിങ്ങള്‍ക്ക് ആ സ്ഥലത്തേയ്ക്ക് പോകുവാന്‍ കഴിയുമെങ്കില്‍ അങ്ങോട്ട് പോകുക".

ആ പുരോഹിതനും മരണപെട്ടു. സല്‍മാന്‍ അല്‍ ഫാരിസി(റ) കുറച്ചുനാള്‍ അമൂരിയയില്‍ തന്നെ താമസിച്ചു.

"ഒരു ദിവസം 'കല്‍ബ്' എന്ന ഗോത്രത്തില്‍പ്പെട്ട ഒരു കച്ചവട സംഘത്തെ ഞാന്‍ കണ്ടുമുട്ടി. (കല്‍ബ് - അറേബ്യയിലെ ഒരു ഗോത്രം). ഞാന്‍ അവരോട് പറഞ്ഞു. എന്നെ അറേബ്യയില്‍ എത്തിക്കുക. പകരം ഞാന്‍ എന്‍റ്റെ സംബാദ്യം നിങ്ങള്‍ക്ക് തരാം. അവര്‍ അതിനു സമ്മതിച്ചു. അങ്ങനെ ഞാന്‍ അവരോടൊപ്പം അറേബ്യയിലേയ്ക്ക് യാത്ര തിരിച്ചു. പക്ഷേ അവരുടെ ഉദ്ദേശ്യം മറ്റൊന്നായിരുന്നു. 'വാതി അല്‍ ഖുറ' (മദീനയുടെ അടുത്തുള്ള ഒരു സ്ഥലം) എന്ന സ്ഥലത്ത് എത്തിയപ്പോള്‍ അവര്‍ എന്നെ ഒരു ജൂതന്‌ അടിമയായി വിറ്റു."

അങ്ങനെ സല്‍മാന്‍ അല്‍ ഫാരിസി(റ) അവിടെ താമസിച്ചു പോന്നു. അവിടെ ധാരാളം ഈന്തപനകളുണ്ടായിരുന്നു. "ഇതായിരിക്കും ആ പുരോഹിതന്‍ പറഞ്ഞ സ്ഥലം", സല്‍മാന്‍ അല്‍ ഫാരിസി(റ) വിചാരിച്ചു.

[തുടരും...]

അടുത്ത അധ്യായത്തിലേയ്ക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

No comments: