Tuesday 2 October 2007

തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായുടെ ജീവിത ചരിത്രം, അധ്യായം 12

തല്‍ഹയെയും(റ) സുബൈറിനെയും(റ) ഒത്തുതീര്‍പ്പിനായി അലി(റ) ക്ഷണിച്ചു. അലിയുടെ(റ) മനസ്സ് വല്ലാതെ വിഷമിച്ചു...


...ജമല്‍ യുദ്ധം...

ഉമര്‍ ബിന്‍ അല്‍ ഖത്താബും(റ) ഹുദയ്ഫയും(റ) തമ്മില്‍ നടന്ന ഒരു സംഭാഷണം അല്‍ ബുഖാരിയില്‍ ഇപ്പ്രകാരം നിവേദനം ചെയ്തിരിക്കുന്നു. ഉമറും(റ) മറ്റു സഹാബാക്കളും(റ) ഒരു സമ്മേളനത്തില്‍ ആയിരുന്നു. അവിടെവച്ച് ഉമര്‍(റ) സഹാബാക്കളോടായി ഇപ്പ്രകാരം ചോദിച്ചു.

"ഫിത്നയെ കുറിച്ചുള്ള ഹദീസ് ഇക്കൂട്ടത്തില്‍ ആര്‍ക്കാണ്‌ നന്നായി അറിയുക?". അപ്പോള്‍ ഹുദയ്ഫ(റ) അതിനുത്തരം നല്‍കികൊണ്ട് ചില ഫിത്നയുടെ ഹദീസുകള്‍ പറഞ്ഞു. (ഫിത്ന - ക്ലേശം, പരീക്ഷണം)

പക്ഷേ ഉമറിനു(റ) അതല്ലായിരുന്നു വേണ്ടിയിരുന്നത്‌. അദ്ദേഹം പറഞ്ഞു, "ഞാന്‍ ഇതല്ല ചോദിച്ചത്, കടലിലെ തിരമാല പോലെ ആഞ്ഞടിക്കുന്നതിനു സമമായുള്ള ഫിത്നയെ കുറിച്ചാണ്‌ ഞാന്‍ ചോദിച്ചത്".

ഇതുകേട്ട ഹുദയ്ഫ(റ) പറഞ്ഞു, "ഓ സത്യവിശ്വാസികളുടെ നേതാവെ, അങ്ങ് അതോര്‍ത്ത് വിഷമിക്കേണ്ടതില്ല. കാരണം, അങ്ങേയ്ക്കും ആ വലിയ ഫിത്നകള്‍ക്കുമിടയില്‍ ഒരു അടഞ്ഞ വാതിലാണുള്ളത്."

ഇതു കേട്ട ഉമര്‍(റ) ചോദിച്ചു, "ആ വാതില്‍ തുറക്കുമോ, അതോ അത്‌ തകര്‍ക്കുമോ?".

ഹുദയ്ഫ(റ) പറഞ്ഞു, "അത്‌ തകര്‍ക്കും".

"അത്‌ തകര്‍ക്കുകയാണെങ്കില്‍, ഒരിക്കലും അത്‌ തിരിച്ച് അടയ്ക്കുവാന്‍ സാധിക്കില്ല", ഉമര്‍(റ) പറഞ്ഞു.

ഹുദയ്ഫ(റ) ഈ സംഭാഷണത്തെകുറിച്ച് സഹാബാക്കളുടെ ചില ശിഷ്യന്മാരോട് (താബഈന്‍), ഒരിക്കല്‍ സൂചിപ്പിച്ചു. ഹുദയ്ഫ(റ) സംസാരിച്ച് കഴിഞ്ഞപ്പോള്‍ അവര്‍ അദ്ദേഹത്തിനോട് ചോദിച്ചു, "ആരാണ്‌ ആ വാതിലെന്ന് ഉമര്‍ ബിന്‍ ഖത്താബിന്‌ അറിയാമായിരുന്നുവോ?".

ഹുദയ്ഫ(റ) പറഞ്ഞു, "അതെ, അദ്ദേഹത്തിന്‌ അത് അറിയാമായിരുന്നു. കാരണം ആരാണ്‌ ആ വാതിലെന്ന് ഞാന്‍ അദ്ദേഹത്തിന്‌ പറഞ്ഞു കൊടുത്തു."

അതിനുശേഷം ഹുദയ്ഫ(റ) അവിടെനിന്നും എഴുന്നേറ്റ് പോയി. പിന്നീട്‌ ആ വാതില്‍ ആരാണെന്നറിയുവാനായി അവര്‍ ഒരാളെ അദ്ദേഹത്തിന്‍റ്റെ അടുക്കലേയ്ക്കായി പറഞ്ഞുവിട്ടു.

ഹുദയ്ഫ(റ) പറഞ്ഞു, "ആ വാതില്‍ ഉമര്‍ ആയിരുന്നു".

(ഉമറിന്‍റ്റെ(റ) ഭരണ കാലത്ത്‌ മുസ്ലിംലോകത്ത് ശാന്തിയും, സമാധാനവും നിറഞ്ഞു നിന്നിരുന്നു. മുസ്ലിംഉമ്മത് അദ്ദേഹത്തിന്‍റ്റെ(റ) ഖിലാഫത്ത് കാലത്ത് വളരെയധികം പുരോഗമനം കൈവരിച്ചു. അദ്ദേഹം കൊല്ലപ്പെട്ടതിനുശേഷം മുസ്ലിംലോകത്തില്‍ വലിയ ഫിത്നകള്‍ക്ക് തുടക്കം കുറിച്ചു. അതാണ്‌ ഹുദയ്ഫ(റ) ഇവിടെ ഉദ്ദേശിച്ചത്.)


[തുടരും...]

അടുത്ത അധ്യായത്തിലേയ്ക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

No comments: