Sunday, 2 September 2007

തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായുടെ ജീവിത ചരിത്രം, അധ്യായം 10

മറ്റൊരവസരത്തില്‍ തല്‍ഹ(റ) കുറച്ചു സ്ഥലം വിറ്റു. അതില്‍ അദ്ദേഹത്തിനു വളരെയധികം ലാഭം ലഭിച്ചു. ഇത്രയുമധികം സംബത്തുകണ്ട് അദ്ദേഹം കരയുവാന്‍ തുടങ്ങി. ഈ സംബത്തുമായി മരണപെട്ടാലുള്ള അവസ്ഥയോര്‍ത്ത് അദ്ദേഹം തളര്‍ന്നു. അദ്ദേഹം തന്‍റ്റെ സുഹ്രുത്തുക്കളെ വിളിച്ചു. അവര്‍ ആ സംബത്തുമായി മദീനയിലെ തെരുവിലൂടെ നടന്നു. അര്‍ഹതപെട്ടവര്‍ക്കെല്ലാം അദ്ദേഹം അതു ദാനം ചെയ്തു. അന്ന് രാത്രി ആയപ്പോള്‍ അദ്ദേഹത്തിന്‍റ്റെ കൈയ്യില്‍ അതില്‍നിന്നും ഒരു ദിര്‍ഹം പോലും അവശേഷിച്ചില്ല.

ജാബിര്‍ ഇബിന്‍ അബ്ദുല്ല(റ) പറഞ്ഞു, "ഒരക്ഷരം പോലും ചോദിക്കാതെ തന്‍റ്റെ സംബത്ത് ദാനം ചെയ്യുന്നതില്‍ തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായല്ലാതെ മറ്റാരെയും ഞാന്‍ കണ്ടിട്ടില്ല." തന്‍റ്റെ ബന്ധുക്കളോട് അദ്ദേഹത്തിന്‌ വളരെയധികം കാരുണ്യമായിരുന്നു. അവര്‍ വളരെയധികമുണ്ടായിരിന്നിട്ടും അദ്ദേഹം ആരുടെ കാര്യത്തിലും അശ്രദ്ധ പുലര്‍ത്തിയില്ല. എല്ലാവരേയും അദ്ദേഹം അളവറ്റ് സഹായിച്ചു. കടക്കാരെ കടത്തില്‍ നിന്നും അദ്ദേഹം രക്ഷിച്ചു. അവിവാഹിതര്‍ക്ക് വിവാഹം കഴിക്കുവാന്‍ അദ്ദേഹം അവരെ സഹായിച്ചു. അനാഥകളെ വളരെയധികം അദ്ദേഹം സ്നേഹിച്ചു.

പ്രവാചകന്‍റ്റെ(സ്വ) മരണശേഷം മുസ്ലീങ്ങള്‍ക്കിടയിലുണ്ടായ ഒരു കലാപത്തിന്‌ തല്‍ഹ(റ) സാക്ഷ്യം വഹിച്ചു. ഉത്മാന്‍ ഇബിന്‍ അഫ്ഫാന്‍(റ) ഖിലാഫത്തു കാലത്തായിരുന്നു അതു സംഭവിച്ചത്‌. ഉത്മാനെതിരില്‍ ചിലയാളുകള്‍ ആരോപണങ്ങള്‍ ഉന്നയിച്ചു. ഒരു സംഖം ആളുകള്‍ അദ്ദേഹത്തെ കൊലപ്പെടുത്തുവാന്‍ തീരുമാനിച്ചു. ഹിജ്ര മുപ്പതിയഞ്ചാം വര്‍ഷമായിരുന്നു അത്‌ സംഭവിച്ചത്‌. ആ ദുര്‍ബുദ്ധികള്‍ ഉത്മാന്‍റ്റെ(റ) വീട് ആക്രമിച്ചു. ഖുറാന്‍ പാരായണം ചെയ്തു കൊണ്ടിരുന്ന അദ്ദേഹത്തെ അവര്‍ വധിച്ചു. ഇസ്ലാമിന്‍റ്റെ ചരിത്രത്തില്‍ വളരെയധികം നടുക്കമുണ്ടാക്കിയ ഒരു സംഭവമായിരുന്നു അത്‌.

ആളുകളുടെ തീരുമാനത്തിനു വഴങ്ങി അലി(റ) അടുത്ത ഖലീഫയാകുവാന്‍ സമ്മതിച്ചു. മുസ്ലീംങ്ങള്‍ അദ്ദേഹത്തിന്‌ പിന്തുണ പ്രഖ്യാപിച്ചു. അക്കൂട്ടത്തില്‍ തല്‍ഹയും(റ), സുബൈര്‍ ഇബിന്‍ അല്‍ അവ്വാമും(റ) ഉണ്ടായിരുന്നു. ഉത്മാന്‍റ്റെ(റ) മരണത്തില്‍ അവര്‍ക്ക് രണ്ട്പേര്‍ക്കും വളരെയധികം വിഷമമുണ്ടായിരുന്നു. കൊലയാളികളെ ഉടനെ തന്നെ കണ്ട്പിടിച്ച് ശിക്ഷിക്കണമെന്ന തീരുമാനത്തില്‍ അവര്‍ ഉറച്ചു നിന്നു. പക്ഷേ ഉത്മാന്‍റ്റെ(റ) മരണത്തിന്‌ ഉത്തരവാതി ഒരാള്‍ മാത്രമായിരുന്നില്ല. അതിനാല്‍ ഉടനെ അവരെ കണ്ടുപിടിച്ച്‌ ശിക്ഷിക്കുക്കയെന്നത് എളുപ്പമായിരുന്നില്ല.

ദിവസം ചെല്ലുംതോറും സ്ഥിതികള്‍ വഷളായി കൊണ്ടിരുന്നു. തല്‍ഹയും(റ) സുബൈറും(റ), അലിയുടെ(റ) സമ്മതപ്രകാരം ഉമ്രയ്ക്ക് പുറപെട്ടു. അവിടെ വച്ച് അവര്‍ പ്രവാചകന്‍റ്റെ(സ്വ) പത്നി, ആയിഷ(റ)യെ കണ്ടുമുട്ടി. ഉത്മാന്‍റ്റെ മരണവിവരമറിഞ്ഞ ആയിഷ(റ) വളരെയധികം വിഷമിച്ചു. മക്കയില്‍ നിന്ന്‌ ആയിഷയും(റ), തല്‍ഹയും(റ), സുബൈറും(റ) ബസ്രയിലേയ്ക്ക് യാത്ര തിരിച്ചു. ബസ്രയില്‍ ഒരു സംഘം ആളുകള്‍ ഉത്മാന്‍റ്റെ(റ) ഘാതകരെ വകവരുത്തുവാന്‍ ഒത്തുകൂടി നില്‍പ്പുണ്ടായിരുന്നു.

[തുടരും...]


അടുത്ത അധ്യായത്തിലേയ്ക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Friday, 24 August 2007

വിശുദ്ധ ഖുറാന്‍ അധ്യായം 2 - 177

നിങ്ങളുടെ മുഖങ്ങള്‍ കിഴക്കോട്ടോ, പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം, എന്നാല്‍ അല്ലാഹുവിലും, അന്ത്യദിനത്തിലും, മലക്കുകളിലും, വേദഗ്രന്‌ഥത്തിലും, പ്രവാചകന്‍മാരിലും വിശ്വസിക്കുകയും, സ്വത്തിനോട് പ്രിയമുണ്ടായിട്ടും അത് ബന്ധുക്കള്‍ക്കും, അനാഥകള്‍ക്കും, അഗതികള്‍ക്കും, വഴിപോക്കനും, ചോദിച്ചു വരുന്നവര്‍ക്കും, അടിമമോചനത്തിനും നല്‍കുകയും പ്രാര്‍ത്ഥന (നമസ്കാരം) മുറപ്രകാരം നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, കരാറില്‍ ഏര്‍പെട്ടാല്‍ അത് നിറവേറ്റുകയും, വിഷമതകളും ദുരിതങ്ങളും നേരിടുബോഴും, യുദ്ധ രംഗത്തും ക്ഷമ കൈക്കൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാന്‍മാര്‍. അവരാകുന്നു സത്യം പാലിച്ചവര്‍. അവര്‍ തന്നെയാകുന്നു (ദോഷബാധയെ) സൂക്ഷിച്ചവര്‍.
(വിശുദ്ധ ഖുറാന്‍ അധ്യായം 2-177)

Wednesday, 1 August 2007

തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായുടെ ജീവിത ചരിത്രം, അധ്യായം 9

പല സംഭവങ്ങളിലും യുദ്ധങ്ങളിലും തല്‍ഹ(റ)പ്രവാചകനോടൊപ്പം(സ്വ) അല്ലാഹുവിനുവേണ്ടി സമര്‍ത്ഥമായി പോരാടി. അല്ലാഹുവിനെ ആരാധിച്ചും അല്ലാഹുവിന്‍റ്റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്തും അദ്ദേഹം തന്‍റ്റെ ജീവിതം നയിച്ചു. ആരാധനാകര്‍മ്മങ്ങള്‍ അദ്ദേഹം മുറപ്രകാരം പിന്‍പറ്റി. മറ്റുസമയങ്ങളില്‍ അദ്ദേഹം കച്ചവടത്തില്‍ മുഴുകി. ആ സമയത്തെ സംബന്നരായ മുസ്ലീംങ്ങളില്‍ ഒരാള്‍ തല്‍ഹ(റ) ആയിരുന്നു. അദ്ദേഹം തന്‍റ്റെ സംബത്ത് മുഴുവനും അല്ലാഹുവിന്‍റ്റെ മാര്‍ഗ്ഗത്തില്‍ ചിലവഴിച്ചു. അദ്ദേഹം തന്‍റ്റെ ധനം കണക്കില്ലാതെ പാവങ്ങള്‍ക്കായി ചിലവിട്ടു. അതുകൊണ്ട് അല്ലാഹു അദ്ദേഹത്തിന്‍റ്റെ ധനം കണക്കില്ലാതെ വര്‍ദ്ധിപ്പിച്ചു. അദ്ദേഹത്തിന്‍റ്റെ ഉദാരതകാരണം പ്രവാചകന്‍(സ്വ) അദ്ദേഹത്തെ, 'തല്‍ഹ ഉദാരനെന്നും', 'തല്‍ഹ ഉത്തമനായ മനുഷ്യനെന്നും', വിഷേശിപ്പിചു.

തല്‍ഹ(റ) നല്ല ഒരു വ്യാപാരിയായിരുന്നു. അതിന്‍റ്റെ ആവശ്യത്തിനായി അദ്ദേഹം അറേബ്യയിലെ പല സ്ഥലങ്ങളിലേയ്ക്കും യാത്രചെയ്തു. ഒരിക്കല്‍ അദ്ദേഹം 'ഹദ്രമൌത്ത്' എന്ന സ്ഥലത്തേയ്ക്ക് കച്ചവടത്തിനായി പോയി. തിരികെ അദ്ദേഹം വളരെയധികം ദിനാറുമായിട്ടാണ്‌ വന്നത്. കച്ചവടത്തില്‍ നേടിയ ലാഭമായിരുന്നു അത്. ഈ സംബത്തിനെകുറിച്ചോര്‍ത്ത് അദ്ദേഹം വളരെയധികം വിഷമിച്ചു. പല രാത്രികളിലും അദ്ദേഹത്തിന്‌ ഉറങ്ങുവാന്‍ കഴിഞ്ഞില്ല.
ഒരു രാത്രി അദ്ദേഹത്തിന്‍റ്റെ ഭാര്യ, ഉമ്മു കുല്‍തൂം(റ), അബൂബക്കറിന്‍റ്റെ(റ) മകള്‍, അദ്ദേഹത്തോടായി ചോദിച്ചു, "ഓ, മുഹമ്മദിന്‍റ്റെ പിതാവെ, അങ്ങേയ്ക്ക് എന്തു പറ്റി?. അങ്ങയെ വിഷമിപ്പിക്കുന്ന തരത്തിലുള്ള എന്തെങ്കിലും പെരുമാറ്റം എന്നില്‍ നിന്നുമുണ്ടായോ?".
"ഇല്ല". ഇതുകേട്ട അദ്ദേഹം(റ) പറഞ്ഞു. "ഒരു മുസ്ലിമിന്‌ ഏറ്റവും ഉത്തമയായ ഭാര്യയാണ്‌ നീ. പക്ഷേ ഞാന്‍ ആലോചിക്കുകയായിരുന്നു, ഒരു മനുഷ്യന്‍ എങ്ങനെ ഇത്രയും സംബത്തുംവച് അവന്‍റ്റെ സ്രിഷ്ടാവിനെ കുറിച്ച് ചിന്തിക്കും. തീര്‍ച്ചയായും ഈ ധനം എന്‍റ്റെ ഉറക്കം കെടുത്തുന്നു".
"അതിനെകുറിച്ചോര്‍ത്ത് അങ്ങ് എന്തിനിത്ര വിഷമിക്കണം?" ഉമ്മു കുല്‍തൂം(റ) പറഞ്ഞു. "നമ്മുടെ സമൂഹത്തില്‍ പാവപ്പെട്ട എത്രയോ ആളുകളുണ്ട്. അങ്ങയുടെ സുഹ്രുത്തുക്കളും അക്കൂട്ടത്തിലുണ്ട്. നാളെ രാവിലെ അങ്ങ് ഈ ധനം അവര്‍ക്ക് വീതിച്ചു നല്‍കുക".
"അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ. തീര്‍ച്ചയായും നീ സമര്‍ത്ഥയാണ്. സമര്‍ത്ഥനായ ഒരു മനുഷ്യന്‍റ്റെ മകള്‍". തല്‍ഹ(റ) പറഞ്ഞു. പിറ്റേ ദിവസം രാവിലെ, തല്‍ഹ(റ) ആ ധനം മുഴുവനും മുഹാജിറുകളിലും, അന്‍സാറുകളിലുമുള്ള പാവങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തു.

[തുടരും...]

അടുത്ത അധ്യായത്തിലേയ്ക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.