Saturday, 19 April 2008

സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 08


സല്‍മാന്‍ അല്‍ ഫാരിസി(റ) അമൂരിയയിലെത്തിച്ചേര്‍ന്നു. അദ്ദേഹം(റ) അവിടുത്തെ പുരോഹിതനോടൊപ്പം താമസിച്ചു പോന്നു. അവിടെ വച്ച് അദ്ദേഹം ജോലി ചെയ്ത് കുറച്ചു ധനം സംബാധിച്ചു. കുറച്ചു നാളുകള്‍ക്ക് ശേഷം ആ പുരോഹിതനും മരണപ്പെട്ടു.

തനിക്ക് പിന്തുടരുവാന്‍ പറ്റിയ അടുത്തയാള്‍ ആരാണെന്ന് സല്‍മാന്‍ അല്‍ ഫാരിസി (റ) അദ്ദേഹത്തോട് മരണത്തിനു മുന്‍പായി ആരാഞ്ഞിരുന്നു. പക്ഷേ, സല്‍മാന്‍ അല്‍ ഫാരിസിയ്ക്ക്(റ) ഇത്തവണ മറ്റൊരു
മറുപടിയാണ്‌ ആ പുരോഹിതനില്‍ നിന്നും ലഭിച്ചത്.

ആ പുരോഹിതന്‍ പറഞ്ഞു, "എനിക്ക് മറ്റാരേയും അറിയില്ല. പക്ഷേ ഒരു പ്രവാചകന്‍റ്റെ ആഗമനത്തിന്‌ സമയമായിരിക്കുന്നതായി ഞാന്‍ മനസ്സിലാക്കുന്നു. ആ പ്രവാചകന്‍ ഇബ്രാഹീമിന്‍റ്റെ (അ) [ഏബ്രഹാം] അതേ മതത്തെ പിന്തുടരുന്ന ആളായിരിക്കും. അദ്ദേഹം അറേബ്യയില്‍ നിന്നുമായിരിക്കും വരിക. അദ്ദേഹം മറ്റൊരു നാട്ടിലേയ്ക്ക് പാലായണം ചെയ്യും. ആ സ്ഥലം കറുത്ത പാറകളാല്‍ ചുറ്റപ്പെട്ടതായിരിക്കും. ഈന്തപനകളാല്‍ നിറഞ്ഞ സ്ഥലമായിരിക്കും അത്. ആ പ്രവാചകനെ ചില അടയാളങ്ങള്‍ കൊണ്ട് മനസ്സിലാക്കുവാന്‍ കഴിയും. അദ്ദേഹത്തിന്‌ സമ്മാനമായി ലഭിക്കുന്ന ഭക്ഷണത്തില്‍നിന്നും അദ്ദേഹം കഴിക്കും. പക്ഷേ ദാനമായി ലഭിച്ചതില്‍ നിന്നും അദ്ദേഹം കഴിക്കില്ല. അദ്ദേഹത്തിന്‍റ്റെ തോളുകള്‍ക്കിടയില്‍ അവസാനത്തെ പ്രവാചകന്‍റ്റെ അടയാളം
കാണാം. നിങ്ങള്‍ക്ക് ആ സ്ഥലത്തേയ്ക്ക് പോകുവാന്‍ കഴിയുമെങ്കില്‍ അങ്ങോട്ട് പോകുക".

ആ പുരോഹിതനും മരണപെട്ടു. സല്‍മാന്‍ അല്‍ ഫാരിസി(റ) കുറച്ചുനാള്‍ അമൂരിയയില്‍ തന്നെ താമസിച്ചു.

"ഒരു ദിവസം 'കല്‍ബ്' എന്ന ഗോത്രത്തില്‍പ്പെട്ട ഒരു കച്ചവട സംഘത്തെ ഞാന്‍ കണ്ടുമുട്ടി. (കല്‍ബ് - അറേബ്യയിലെ ഒരു ഗോത്രം). ഞാന്‍ അവരോട് പറഞ്ഞു. എന്നെ അറേബ്യയില്‍ എത്തിക്കുക. പകരം ഞാന്‍ എന്‍റ്റെ സംബാദ്യം നിങ്ങള്‍ക്ക് തരാം. അവര്‍ അതിനു സമ്മതിച്ചു. അങ്ങനെ ഞാന്‍ അവരോടൊപ്പം അറേബ്യയിലേയ്ക്ക് യാത്ര തിരിച്ചു. പക്ഷേ അവരുടെ ഉദ്ദേശ്യം മറ്റൊന്നായിരുന്നു. 'വാതി അല്‍ ഖുറ' (മദീനയുടെ അടുത്തുള്ള ഒരു സ്ഥലം) എന്ന സ്ഥലത്ത് എത്തിയപ്പോള്‍ അവര്‍ എന്നെ ഒരു ജൂതന്‌ അടിമയായി വിറ്റു."

അങ്ങനെ സല്‍മാന്‍ അല്‍ ഫാരിസി(റ) അവിടെ താമസിച്ചു പോന്നു. അവിടെ ധാരാളം ഈന്തപനകളുണ്ടായിരുന്നു. "ഇതായിരിക്കും ആ പുരോഹിതന്‍ പറഞ്ഞ സ്ഥലം", സല്‍മാന്‍ അല്‍ ഫാരിസി(റ) വിചാരിച്ചു.

[തുടരും...]

അടുത്ത അധ്യായത്തിലേയ്ക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Sunday, 23 March 2008

സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 07


സല്‍മാന്‍ അല്‍ ഫാരിസി(റ) ഇറാഖിലേയ്ക്ക് യാത്ര തുടങ്ങി. വളരെ വിഷമം പിടിച്ച യാത്രയായിരുന്നു. ഒടുവില്‍ അദ്ദേഹം അല്‍-
മൌസില്‍ എത്തിച്ചേര്‍ന്നു. അദ്ദേഹം അല്‍-മൌസിലെ പുരോഹിതന്‍റ്റെ അടുത്തേയ്ക്കു ചെന്നു. സല്‍മാന്‍ അല്‍ ഫാരിസി(റ) അദ്ദേഹത്തോടു
പറഞ്ഞു, "എന്‍റ്റെ പുരോഹിതന്‍ അദ്ദേഹത്തിന്‍റ്റെ മരണസമയത്ത്‌, എനിക്ക്‌ മതം പഠിക്കുവാനായി താങ്കളുടെ പേരാണ്‌
പറഞ്ഞു തന്നത്. ഞാന്‍ അങ്ങയോടൊപ്പം നില്‍ക്കട്ടെയോ ?

ഇതു കേട്ട ആ പുരോഹിതന്‍, സല്‍മാന്‍ അല്‍ ഫാരിസിയോട്(റ) തന്‍റ്റെയൊപ്പം നില്‍ക്കുവാന്‍ സമ്മതം നല്‍കി. "ആരാധനാ
കര്‍മ്മങ്ങളില്‍ അദ്ദേഹം വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നതായി എനിക്കു കാണുവാന്‍ കഴിഞ്ഞു." പക്ഷേ അദ്ദേഹവും തന്‍റ്റെ മരണത്തിന്‍റ്റെ വക്കിലെത്തി. അങ്ങനെ ഞാന്‍ വീണ്ടും പഴയതുപോലെ ആ പുരോഹിതന്‍റ്റെ അടുക്കല്‍ ചോദിച്ചു. അദ്ദേഹത്തിന്‍റ്റെ മരണശേഷം പിന്‍പറ്റുവാന്‍ അനുയോജ്യനായ ഒരു പുരോഹിതനെ പറ്റി പറയുവാന്‍ സല്‍മാന്‍ അല്‍ഫാരിസി(റ) അദ്ദേഹത്തൊട്‌ ആരാഞ്ഞു.

ഇതു കേട്ട ആ പുരോഹിതന്‍ പറഞ്ഞു, "അല്ലാഹുവാണെ, എനിക്ക് ആരേയും അറിയില്ല, പക്ഷേ ഒരാളൊഴിച്ച്. അദ്ദേഹത്തെ 'നസീബീന്‍' എന്ന
സ്ഥലത്ത് നിങ്ങള്‍ക്ക് കാണുവാന്‍ കഴിയും".

അങ്ങനെ, അദ്ദേഹത്തിന്‍റ്റെ മരണശേഷം, സല്‍മാന്‍ അല്‍ ഫാരിസി (റ), നസീബീനിലേയ്ക്ക് യാത്ര തിരിച്ചു. അദ്ദേഹം കുറച്ചുകാലം ആ പുരോഹിതനോടൊപ്പം നസീബീനില്‍ താമസിച്ചു. പക്ഷേ ആ പുരോഹിതനും തന്‍റ്റെ മരണത്തിന്‍റ്റെ അടുക്കലെത്തി.

അങ്ങനെ ആ പുരോഹിതന്‍റ്റെ ഉപദേശപ്രകാരം സല്‍മാന്‍ അല്‍ ഫാരിസി (റ), അദ്ദേഹത്തിന്‍റ്റെ മരണശേഷം 'അമൂരിയ' എന്ന സ്ഥലത്തേയ്ക്ക് യാത്ര തിരിച്ചു. (അമൂരിയ... റോമന്‍ സാമ്രാജ്യത്തിന്‍റ്റെ കീഴിലുള്ള ഒരു സ്ഥലം).
വീണ്ടും പ്രയാസമേറിയ യാത്ര. പക്ഷേ, സല്‍മാന്‍ അല്‍ ഫാരിസി(റ) തന്‍റ്റെ സത്യാനേഷ്വണത്തില്‍ ഉറച്ചു നിന്നു.

[തുടരും...]

Sunday, 3 February 2008

സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 06


അതിനു ശേഷം ജനങ്ങള്‍ മറ്റൊരു പുരോഹിതനെ നിയമിച്ചു. ആരാധനാകര്‍മ്മങ്ങള്‍ മുറപോലെ നിര്‍വഹിച്ചു വന്നതില്‍ അദ്ദേഹത്തെപ്പോലെ മറ്റാരെയും ഞാന്‍ മുന്‍പ്‌ കണ്ടിട്ടില്ല. അദ്ദേഹം
തന്‍റ്റെ ജീവിതത്തിന്‍റ്റെ മുഴുവന്‍ സമയവും അല്ലാഹുവിനായി സമര്‍പ്പിച്ചു. ഈ ലോകത്തിലെ സുഖങ്ങളോട്‌ അദ്ദേഹത്തിന്‌ യാതൊരു താല്‍പ്പര്യവുമില്ലായിരുന്നു. എനിക്ക്‌ അദ്ദേഹത്തെ വളരെയധികം ഇഷ്ടമായി.

വളരെ ലളിതമായ ജീവിതം. എനിക്ക്‌ അദ്ദേഹത്തില്‍ നിന്നും വളരെയധികം അറിവ്‌ കൈവരിക്കുവാന്‍ സാധിച്ചു. പക്ഷേ, അദ്ദേഹം അധികനാള്‍ ജീവിച്ചില്ല. അദ്ദേഹത്തിന്‍റ്റെ മരണ സമയം വരെയും ഞാന്‍ അദ്ദേഹത്തോടൊപ്പം താമസിച്ചു. അദ്ദേഹത്തിന്‍റ്റെ മരണസമയത്ത്‌ ഞാന്‍ അദ്ദേഹത്തിനോട്‌ ഇപ്പ്രകാരം ചോദിച്ചു. "ഞാന്‍ താങ്കളോടൊപ്പം താമസിച്ച്‌
വളരെയധികം അറിവ്‌ നേടി. താങ്കളുടെ മതത്തെ കുറിച്ചു ഞാന്‍ പഠിച്ചു. താങ്കളെ ഞാന്‍ വളരെയധികം സ്നേഹിക്കുന്നു.

ഇപ്പോള്‍ ഇതാ അല്ലാഹുവിന്‍റ്റെ തീരുമാനം അങ്ങയുടെ മേല്‍ വന്നെത്താന്‍ പോകുന്നു (അദ്ദേഹത്തിന്‍റ്റെ മരണം). താങ്കളുടെ കാലശേഷം ഞാന്‍ ആരെ പിന്തുടരും? എന്താണ്‌ ഞാന്‍ ചെയ്യേണ്ടത്‌?
ഇതു കേട്ട പുരോഹിതന്‍ ഇപ്പ്രകാരം പറഞ്ഞു, "അല്ലാഹുവാണെ, ആളുകള്‍ തീര്‍ച്ചയായും നഷ്ടത്തിലാണ്. അവര്‍ മതത്തില്‍ മാറ്റം വരുത്തി. ഈ മതത്തെ അതിന്‍റ്റെ ശരിയായ രീതിയില്‍ പിന്‍പറ്റുന്ന ആരേയും എനിക്കറിയില്ല. എന്നാല്‍ ഒരാള്‍ ഒഴികെ. അദ്ദേഹം 'അല്‍-മൌസില്‍' (ഇറാക്കിലെ ഒരു സ്ഥലം) എന്ന സ്ഥലത്താണുള്ളത്. താങ്കള്‍ക്ക് അദ്ദേഹത്തെ പിന്തുടരാം."

കുറച്ചു ദിവസത്തിനകം അദ്ദേഹവും മരണപ്പെട്ടു. അങ്ങനെ സല്‍മാന്‍ അല്‍ ഫാരിസി(റ) ഇറാക്കിലേയ്ക്ക് യാത്ര തിരിച്ചു.

[തുടരും...]